Monday, July 4, 2022

 പയോധര ചിന്തകൾ

.............................. (T. K ശശികുമാർ

അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഇറങ്ങി വാടാ എന്ന് നാട്ടിൽ പണ്ട് ചട്ടമ്പികൾ പരസ്പരം വെല്ലുവിളിക്കുമായിരുന്നു. കാരണം, മുലപ്പാൽ ഒരാളുടെ അന്ത:സ്സത്തയിൽ അലിഞ്ഞു ചേർന്ന അഭിമാനമാണ്.
സസ്തനികളുടെ, പിപാസ ബാധിച്ച കുഞ്ഞുങ്ങൾക്ക് സ്രഷ്ടാവ് ഒരുക്കിവെച്ച ഉത്തരമാണത്.


എന്നാലും ത്രേതായുഗത്തിൽ വനവാസം വിധിക്കപ്പെട്ട ഒരു രാജകുമാരൻ നിർദ്ദയം പ്രേമാതുരയായ ഒരുവളുടെ കുചച്ഛേദം നടത്തിയ കഥയുണ്ട്.അതിൻ്റെ അനുരണനങ്ങളിൽപ്പെട്ടാകണം രാമായണയുദ്ധം ഇത്രയധികം കൊടുമ്പിരി കൊണ്ടത്.

ദ്വാപരത്തിൽ, 'മുനികൾ മാനസതളിരിലും ഗോപത്തരുണിമാരുടെ മുലത്തടത്തിലും' മരുവുന്നൊരു മായാമനുഷ്യനെപ്പറ്റി എഴുത്തച്ഛൻ വർണിക്കുന്നുണ്ട്.

ചിലപ്പതികാരത്തിൻ്റെ സംഘകാല താളിൽ ഒരുവൾ പറിച്ചെറിഞ്ഞ മാറിടത്തിൽ നിന്ന് പുരാന്തകനായ പാവകൻ പടർന്നു പൊങ്ങിയതും നാമറിഞ്ഞു.

പിൽക്കാലത്ത് ഒരു നങ്ങേലിയമ്മ  കേരളചരിത്രത്തിലേക്ക് ഇറുത്തിട്ടതും കരം തീരുവയുള്ളൊരു കുചഭംഗി തന്നെയാണ്.

ഇപ്രകാരം വാത്സല്യത്തിൻ്റെയും, പ്രണയത്തിൻ്റെയും, കാമത്തിൻ്റെയും ,പ്രതിഷേധത്തിൻ്റെയും, പകയുടെയും ഇടച്ചങ്ങലയിട്ട് പൊന്നണിഞ്ഞെഴുന്നള്ളിയ ചരിത്രമാണ് പയോധരങ്ങളുടേത്.

എന്നിട്ടും ഇന്നും ''മുല" എന്ന വാക്കിനെ ദൈനംദിന സംസാരഭാഷയിൽ മലയാളികൾ അരുമയോടെ ചേർത്തിട്ടില്ല. അതിപ്പോഴും കേൾക്കുന്നവർക്ക് അസാധാരണവും ഗൂഢവുമായ ഒരു വാക്കാണ്.പെൺമാനത്തിനു നേരെ ഒളിനോട്ടക്കാരൻ ഉന്നി വെച്ചിരിക്കുന്ന തെറിയാണ്.

ഇക്കഴിഞ്ഞ അവധിക്ക് , ആൾത്തിരക്ക് കുറഞ്ഞ വടക്കോട്ടുള്ള  ശബരി എക്സ്പ്രസിൽ ഒരു അമ്മയും കുഞ്ഞും തിരുവല്ലയിൽ നിന്ന് കയറി.അമ്മ ആകെ പരിക്ഷീണയായിരുന്നു. കരഞ്ഞ് അർദ്ധമയക്കത്തിലുള്ള ചിടുങ്ങനെ കങ്കാരുവിൻ്റെ ഏകഗാത്രബോധത്തോടെ അവൾ അടുക്കിപ്പിടിച്ചിട്ടുണ്ട്.തുടർന്ന്, ട്രെയിൻ മുറിയിലെ മുതിർന്ന സ്ത്രീയോട് അവൾ എന്തോ രഹസ്യം പറഞ്ഞു. ജന്മാന്തരങ്ങൾ തന്ന അവബോധത്തിൻ്റെ നുള്ളു കൊണ്ട് അവിടെയിരുന്ന ആൺപിറന്നവൻമാർക്ക് കാര്യം മനസിലായി. മാമൂട്ടാൻ ഒരിടം തേടുകയാണവൾ. ഞങ്ങളൊഴിഞ്ഞു കൊടുത്തു. പത്തനംതിട്ട മുതൽ തിരുവല്ല വരെയുള്ള 30 കി.മി ബസ് യാത്രയിൽ മുലയൂട്ടാനുള്ള സ്വകാര്യത അവൾക്ക് എങ്ങും കിട്ടിയിരുന്നില്ലത്രേ! ആൾപ്പാർപ്പും ജലസാന്നിദ്ധ്യവും പരതി ഇന്ത്യ ഗോളാന്തരയാത്ര നടത്തുന്ന നടപ്പു കാലത്ത്,തൻ്റെ കൈക്കുഞ്ഞിന് നിർവൃതിയുടെ ഗോളസ്പർശമരുളാൻ ഒരുവൾക്ക് ഇത്തിരി മറവ് കിട്ടാനില്ല !!!

കടം കൊണ്ട മുലപ്പാലിൻ്റെ കഥയാണ് എൻ്റെ ശൈശവത്തിൻറേത്. ഞാൻ എട്ടുമാസക്കാരനായിരുന്നപ്പോൾ എൻ്റെ അമ്മയുടെ മുലപ്പാൽ പൊടുന്നനെ നിലച്ചുപോയി. ദാർശനികവും, ജീവശാസ്ത്രപരവുമായ ഈ സന്ദിഗ്ദ്ധാവസ്ഥയെ ഞാനെങ്ങനെ നേരിട്ടു എന്നോർമ്മയില്ല. എന്തായാലും എൻ്റെ അതേ പ്രായക്കാരായ രണ്ടു കൂട്ടുകാരുടെ അമ്മമാർ ആ കർത്തവ്യം ഏറ്റെടുത്തു എന്നാണ് ഞാൻ പിന്നീട് മനസിലാക്കിയത്.നാട്ടിൽ ഒരു കാലത്ത് നിലനിന്നിരുന്ന നന്മയുടെ പരിച്ഛേദമായിരുന്നു ആ അമൃതേത്ത്. ആ അമ്മമാർ എൻ്റെ ബന്ധുക്കളായിരുന്നില്ല. ഞാനുൾപ്പെടുന്ന മതവിഭാഗക്കാരോ ജാതിയുടെ അകക്കണ്ണങ്ങളിൽ പെട്ടവരോ പോലും, ആയിരുന്നില്ല, അവർ. നിരാമയനായ നാഥൻ എൻ്റെ ചരിത്ര പ്രതിസന്ധിയുടെ ആമയം തീർക്കാൻ ഉടലാർന്നതാണ് അവരെന്ന് ഞാനിന്നും വിശ്വസിക്കുന്നു. ജാതി,മത നിരപേക്ഷതയുടെ ആദ്യപാഠം ഞാനറിഞ്ഞത് അവരുടെ ''പൊൽക്കരളിലെ വെള്ളം വെളുത്തവെള്ളം നോക്കി " (സുഫല - ഒളപ്പമണ്ണ) ആയിരിക്കാൻ ന്യായമുണ്ട്. എന്തായാലും അവരുടെ ജീവിതാന്ത്യം വരെ അവരോട് കെട്ടു പോകാത്ത മമതയും കരുതലും സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഓരോ അവധിയ്ക്കും ആ അമ്മമാരുടെ നാടൻ കരുത്തുള്ള കരച്ചുറ്റുകളിലമർന്ന് വിധേയമാർദ്ദവത്തോടെ നില്ക്കാൻ ഞാൻ ഉത്സാഹത്തോടെ പോകുമായിരുന്നു.

ജയദേവരുടെ അഷ്ടപദിയിലെ പയോധരങ്ങൾ പ്രണയത്തിൻ്റെ കഞ്ചുകം കൊണ്ട് മൂടിയിട്ടതാണ്. ഇതരഭാഷയുടെ ക്ലിഷ്ടതയിൽ പെട്ട്  അവയുടെ ആസ്വാദനം എന്നെപ്പോലുള്ളവർക്ക് ഒരിക്കലും പൂർണമായിരുന്നില്ല.

അദ്വൈതത്തിൻ്റെ മറുകര കണ്ട ആദി ശങ്കരനും ചരിത്രത്തെ അഗാധമാക്കിയ ഗുരുവിനുമാകട്ടെ അവ ലൗകികതയുടെ ശിഖരങ്ങളിൽ കായ്ച്ച കട്വമ്ലഫലങ്ങളായിരുന്നു.


എന്നാൽ കാവ്യഭാവനയുടെ സമ്പന്നതയുള്ള വയലാറും പി.ഭാസ്കരനുമൊക്കെ അവയെ തെളിനീരിൻ്റെ ലാഘവത്തോടെ മലയാളിയുടെ ചുണ്ടിലിറ്റിച്ചു. മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയ മുത്തണിക്കുന്നുകൾ കാണുമ്പോൾ ഞാനിന്നും  ക്ഷണദീപ്തി പോലെ മലയാളത്തിലൂടെ കടന്നു പോയ ആ ഗന്ധർവ്വ കവിയെ ഓർക്കാറുണ്ട്.പി.ഭാസ്കരനിലെത്തുമ്പോൾ അത് കുളിരാഴത്തിൻ്റെ സ്വാതന്ത്ര്യത്തിലേക്ക് മുലക്കച്ച മാറ്റി മുങ്ങുന്ന അനഘസങ്കല്പ ഗായികയാണ്.

ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ കൊങ്കൺ പ്രദേശങ്ങൾ. പശ്ചിമഘട്ടത്തിൻ്റെ  സ്ഥാവര ഗൗരവത്തിനിടയിൽ വയലാർ ഭാവനയിലെ മഞ്ഞുമുലക്കച്ച മുറുക്കിക്കെട്ടിയ അനേകം പർവ്വതങ്ങൾ കാണാനിടവന്നിട്ടുണ്ട്.
അതിലേറ്റവും അത്ഭുതാവഹമായത് രത്നഗിരി ജില്ലയിലെ സാവർദയ്ക്കും ചിപ്ളൂണിനുമിടയ്ക്കുള്ള രണ്ടു മലകളാണ്. ദൂരക്കാഴ്ചയിൽ,പാലൂട്ടിക്കൊണ്ട് ഭയാശങ്കകളേതുമില്ലാതെ അലസശയനം നടത്തുന്ന ഒരുവളാണെന്നേ നമുക്കു തോന്നൂ. അവിടേക്ക്, പകൽച്ചടവിൻ്റെ ചില ഇടനേരങ്ങളിൽ ശിശുസദൃശമായ പരതലോടെ ഇഴഞ്ഞെത്തുന്ന മേഘങ്ങളെ അതിശയത്തോടെ  ഞാൻ കണ്ടിട്ടുണ്ട്. മൺസൂൺ കഴിഞ്ഞ് കടുംപച്ചനിറമുള്ള  റൗക്കയുമണിഞ്ഞു കിടക്കുമായിരുന്ന അവയെ കൊങ്കണിലെ കൊങ്കകൾ എന്നാണ് രഹസ്യമായി ഞാൻ വിശേഷിപ്പിച്ചത്.മനുഷ്യനിൽ ആദിമ തൃഷ്ണകൾ ഉരുവം കൊണ്ടത് പ്രകൃതിയുടെ ഇമ്മാതിരി നിമ്നോന്നത ദൃശ്യങ്ങളുടെ പ്രകോപനങ്ങളിൽ നിന്നായിരിക്കണം.

അന്ന് അവിടെ കൊങ്കൺ റെയിൽവേയുടെ പ്രാരംഭ നടപടി ക്രമങ്ങൾ നടക്കുന്ന കാലമാണ്. പദ്ധതിയുടെ അലൈൻമെൻ്റ് കൊങ്കണിലെ കൊങ്കകൾക്കിടയിലൂടെയാണെന്ന് അറിഞ്ഞപ്പോൾ വന്യമായ ഒരാന്തലിൽപ്പെട്ട് എൻ്റെ ഹൃദയം മുറിഞ്ഞുപോയിരുന്നു. അത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.

തൊണ്ണൂറുകളുടെ അവസാനം ബോംബെയിൽ നിന്ന് ഗോവയ്‌ക്കുള്ള ഒരു കാർയാത്രയ്ക്കിടയിലാണ് വീണ്ടും ഞാൻ അതിലേ പോകുന്നത്. അപ്പോഴേക്കും കൊങ്കണിലെ കൊങ്കകളിലൊന്ന് മുറിച്ചു മാറ്റപ്പെട്ടിരുന്നു. അതിൻ്റെ ഇല്ലായ്മയുടെ ഇടനാഴിയിലൂടെ, അക്ഷമനായ മനുഷ്യനെയും വഹിച്ച് തീവണ്ടികളോടുന്നുണ്ടായിരുന്നു.

ആ വട്ടം വാർഷിക അവധിയ്ക്ക് നാട്ടിൽ ചെന്നപ്പോൾ അമ്മമാരിലൊരാളെ കാണാൻ ഞാൻ പോയി. ക്ഷീണിതമെങ്കിലും ഉൾക്കരുത്തിൻ്റെ ധ്രുവദീപ്തിയിൽ അവരുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. പച്ചനിറത്തിലുള്ള ഒരു നീളൻ ഉടുപ്പാണ് അവർ അണിഞ്ഞിരുന്നത്. അങ്ങനെയൊരു വേഷം മുമ്പ് അവരൊരിക്കലും അണിയുമായിരുന്നില്ലല്ലോ എന്നു ഞാനോർത്തു.
കുറെ നേരം നോക്കി നിന്നശേഷം ആ അമ്മ കനിവോടെ എന്നെ ആശ്ലേഷിച്ചു. എനിക്കന്നേരം അത്ഭുതം തോന്നി. പതിവില്ലാത്ത ഒരസാന്നിദ്ധ്യം!! എവിടെയാണ് ഞാൻ പണ്ട് കടം കൊണ്ടിരുന്ന പയോധരങ്ങളിലൊരെണ്ണം? അവിടത്തെ ശുദ്ധശൂന്യതയുടെ തണുപ്പിലേക്ക് ഞാൻ വിറങ്ങലിച്ചു പറ്റിച്ചേർന്നു. പിന്നെ ദുർബ്ബലപ്പെട്ട ഒരാവൃത്തിയിൽ അവർ പറയുന്നതു കേട്ടു നിന്നു.

" മുറിച്ചുമാറ്റി മോനെ!"

ചുറ്റിനും പാർവ്വണങ്ങളെ ഗ്രസിക്കുന്ന രാഹുവിൻ്റെ ഇരുട്ട് !!

അതായിരുന്നു ഞങ്ങൾക്കിടയിലെ അവസാന കാഴ്ച.

No comments: