Tuesday, June 24, 2014

കയർ




ജീവനിൽ നിന്ന്
ബന്ധനത്തിലേക്കുള്ള പാത.

തളിരോ തണലോ ഇല്ലാതെ
വട്ടം ചുറ്റിയതിന്റെയടയാളം.

കണ്ണുകെട്ടി, കഴുമരത്തിലേക്ക്
വിളിച്ചതിന്റെയോർമ്മ.


ചില രസികർക്കാകട്ടെ
ഇത്,
സ്വാതന്ത്ര്യത്തിലേക്കുള്ള കവിത.

ശ്രദ്ധയോടെ നൊമ്പര-
ക്കുരുക്കിട്ട്
ആളുയരത്തിൽ നിന്നൊരാമുഖം.

നിലയില്ലാതെ മുങ്ങിപ്പിടയുന്ന
വരികളുടെ നാനാർത്ഥം.

ഋണമുക്തനായൊരു കവിയെന്ന്
വാതിൽ‌പ്പടിയിലൊട്ടിച്ച
പിന്നുര.

ആയിരം പതിപ്പിറങ്ങുന്ന
അവകാശികളില്ലാത്ത
പുസ്തകം !

Monday, June 9, 2014

കുഞ്ഞിരാമൻ





കാട്ടിൽ‌പ്പോയില്ലെങ്കിലെന്ത്
ഊരുതെണ്ടിനടന്നതായറിയാം,
ബഹുവർഷങ്ങൾ.

ശിലയെ ജീവിപ്പിച്ചില്ലെന്നതു
നേരു തന്നെ.

എന്നാലും,
ശിലാഹൃദയങ്ങളിൽ‌പ്പോലും
ചേർത്തു വച്ചതോർമ്മയുണ്ട്,
വാക്കിന്റെ പുതുജീവൻ !

നിത്യേന മോക്ഷം കൊടുത്തിരുന്നു,
ഭാഷയിലെ കഴുകിനും
കബന്ധങ്ങൾക്കും.

കവിതയ്ക്കുമേൽ ചിറകെട്ടി
വാനരരോടൊത്തു വാണു.

മായാമൃഗത്തിന്റെ പിൻപറ്റി
കരിമ്പുവില്ലേന്തിയോടി,
തെക്കെങ്ങോ ചെന്നു മുക്തനായ് !

രാമനോളം വളർന്നില്ലെങ്കിലെന്ത്
കുഞ്ഞിരാമനെന്നു ഖ്യാതി !

Sunday, April 13, 2014

ബാക്കി





( തിരഞ്ഞെടുപ്പു പിറ്റേന്ന് പൊളിച്ചടുക്കിയ മലാപ്പറമ്പിലെ 140 കൊല്ലം പഴക്കമുള്ള വിദ്യാലയം നമ്മെ നോക്കി ചിരിക്കുന്നു; അതല്ല, എന്തു സാക്ഷരതയെക്കുറിച്ചാണ് നാമിങ്ങനെ വാ തോരാതെ........?)



നിശ്ചയമായും
ഞെട്ടിത്തരിച്ചു കാണണം
മുൻബഞ്ചിലിരുന്ന കലയും കമലയും.


കച്ഛപിയുപേക്ഷിച്ച്
അക്ഷരങ്ങളോടൊപ്പം ഓടിപ്പോയിരിക്കണം
പേടിച്ചരണ്ടുപോയ വാണിട്ടീച്ചർ.


വരാന്തയിൽ
അക്ഷമനായ് നിന്ന പുതുമഴയ്ക്കും
കണക്കിനു കിട്ടിയ ലക്ഷണമുണ്ട് !


കണ്ടില്ലേ
നേരേ നിൽക്കാനാകാതെ
ചാഞ്ഞും ചരിഞ്ഞുമുള്ള
അവന്റെ പോസുകൾ



വഴിക്കണക്കിൽ നിന്ന്
പിടിച്ചിറക്കി പുറത്തേക്കെറിഞ്ഞിട്ടാകണം,
വിച്ഛിന്നമായ പോലുണ്ട്
സങ്കലനങ്ങളുടെ കൈവിരൽ.


ആദ്യപാഠങ്ങൾ ചോർന്ന്
ഭിത്തി തൂകിക്കിടപ്പാണല്ലോ
‘തറ‘യും ‘തല‘യും മറ്റും !


പൂരപ്പറമ്പഴിഞ്ഞ്
മണ്ണിലൂർന്ന് കിതപ്പാണല്ലോ
‘വല‘യും ‘വള‘യും മറ്റും !


ഓർമ്മത്തെറ്റിലിറങ്ങി-
യരക്കാതം നടന്നാൽ മതി,
വീണിതല്ലോ കിടക്കുന്നു
കാണുക, ജ്ഞാനോദയങ്ങളുടെ പൂർവ്വികം !!

Monday, March 24, 2014

മെയ്ഡ് ഇൻ ചൈന




( "ഇന്ത്യ ഇന്ത്യയുടേതെന്നും, ചൈന ചൈനയുടേതെന്നും ..... " എന്നു തുടങ്ങുന്ന പ്രസിദ്ധ വാചകം നാം കണ്ട രാഷ്ട്രീയപ്രതിഭകളിലൊരാളിന്റേതാണ്. അത്തരം ശൈലീവല്ലഭന്മാരെ നമുക്ക് മിക്കവാറും നഷ്ടപ്പെട്ടു കഴിഞ്ഞല്ലോ എന്ന ആകുലതയിൽ നിന്ന് ഉരുവം കൊണ്ടതാണ് ഈ വരികൾ.)


പണ്ട്,
അവർ അവരുടേതെന്നും
നാം നമ്മുടേതെന്നും
പറയുമായിരുന്ന
ചില വിഷയങ്ങളുണ്ടായിരുന്നു.


അതിരുകളിലും ചിന്തകളിലും
ആളിപ്പടർന്നു പിടിയ്ക്കുമായിരുന്നു
ചുവന്ന നിറമുള്ള
ചിലതൊക്കെ.


ഇപ്പോളതൊക്കെ മാറി


ഷെൽഫുകളിൽ
അടുക്കടുക്കായി വച്ചിരിക്കുന്ന,
അവരുടെ
കളിപ്പാട്ടങ്ങൾ
ഉപാധികൾ
ഉപകരണങ്ങൾ
എളുപ്പവഴികൾ


എല്ലാം വാരിവലിച്ചെടുത്ത്
കൂട നിറയ്ക്കുന്നേരം,
"ഒക്കെ ചൈനയാണെ" ന്ന്
ഞാനോർമ്മിപ്പിച്ചു കൊണ്ടിരുന്നു !!


ഒടുക്കം ബില്ലടച്ച്,
പുറത്തേക്കിറങ്ങുമ്പോളാണ്
നീ മറുപടി തന്നത്.


"ശരിയാണ്,
അവർ നമ്മുടേതെന്നും
നാം അവരുടേതെന്നും പറയുന്ന
സമത്വ സുന്ദര ലോകം,
എത്ര മിതവിലയ്ക്ക്
എന്തുനല്ല ഫിനിഷിങ്ങിൽ" !!

Saturday, March 15, 2014

കുറിഞ്ഞി





ആദ്യത്തെ ഓങ്ങലിനു തന്നെ
കീഴടങ്ങിയെന്നു
സമ്മതിച്ചു.

ഒമ്പതു ജീവനും
എണ്ണിയെടുത്തോളാൻ
പറഞ്ഞു.

എട്ടെണ്ണമെടുത്ത്
ഒമ്പതാമത്തേതെവിടെയെന്നു
ചോദിച്ചപ്പോൾ

കവിതയ്ക്കുള്ളിലാണെന്നു
കാണിച്ചുതന്നു.

വരികൾക്കിടയിൽ
പതുങ്ങിയും

കണ്ണടച്ചു
വാക്കിന്റെ രസം
കുടിച്ചും

മുക്തഛന്ദസ്സിലിരതേടി-
യുമങ്ങനെ
ജീവിയ്ക്കയാണു പോലും !

നോക്കുമ്പോൾ
നേരുതന്നെയാണ്.

ഇരുളിൽ‌പ്പതുങ്ങി
നിൽ‌പ്പുണ്ട്,
തീക്കണ്ണിന്റെ വേപഥു.

ഒടുക്കം
കൊല്ലാതെ
വിട്ടയയ്ക്കേണ്ടി വന്നു,
കവിതയുടെ കുറിഞ്ഞിയെ !!