Saturday, April 28, 2012

ആദ്യത്തെ നര



ജന്മത്തിന്റെയിരുൾവഴിയിലേക്ക്
പൂക്കാലം വരുന്നുണ്ടേയെന്നു പറഞ്ഞാണ്‌
ആദ്യത്തെ നര വരുന്നത്.

നോക്കുമ്പോൾ ശരിയാണ്‌.

ഉച്ചിയുടെ ഒത്തമദ്ധ്യത്തിൽ
ഇലഞ്ഞിപ്പൂവിതൾ നീട്ടി
വസന്തത്തിന്റെ തിടുക്കം.

ഏറ്റം നല്ല ഉടുപ്പണിഞ്ഞ്
മധുരം നുള്ളി
വാസന്തീ വാസന്തീയെന്ന്
നാമവളെയെതിരേറ്റുനില്ക്കേണ്ടതാണ്‌.

ചെത്തിചേമന്തികൾക്കൊപ്പ-
മൊരാൾക്കൂട്ടഫോട്ടോയിലേക്ക്
ലജ്ജയില്പ്പൊതിഞ്ഞവളെ
യൊരുക്കിവിടേണ്ടതാണ്‌.

എന്നാൽ
അതൊന്നുമല്ല നടന്നത്.

ചമയക്കോപ്പുകൾ വില്ക്കുന്ന
പീടികയിൽ നിന്നിറ്റ്
കരിഞ്ചായം വാങ്ങിപ്പൂശി
നാമവളെ മറച്ചിട്ടു.

അകാലവസന്തമെന്ന് പിറുപിറുത്ത്
രാപ്പാതിയിലേക്ക്
വരച്ചിട്ടു.

 

4 comments:

ajith said...

ഞാന്‍ അങ്ങിനെ ചെയ്തില്ല. സ്വാതന്ത്ര്യം കൊടുത്തു. അവര്‍ പെറ്റുപെരുകി ഇപ്പോള്‍ എനിക്ക് പതിനഞ്ചു വയസ് അധികം പറയും...(കവിത നന്നായിട്ടുണ്ടെന്നുകൂടി പറയട്ടെ)

ശ്രീനാഥന്‍ said...

എന്തു ചെയ്യാം,ജീവിതത്തിന്റെ വസന്തം തീർന്നെന്നാണല്ലോ ആളുകൾ വിചാരിക്കുക. നന്നായി കവിത.

ചന്ദ്രകാന്തം said...

"കാലം ശിരസ്സിങ്കലണിയിച്ചൂ മുല്ലമാല.." അല്ലേ..
:)

SASIKUMAR said...

അജിത്,ശ്രീനാഥൻ,ചന്ദ്രകാന്തം നന്ദി, വായനക്കും വാക്കുകൾക്കും. ഒപ്പം എന്റെ മദ്ധ്യവയസ്സിന്റെ വിഹ്വലതകൾക്ക് കൂട്ടിരുന്നതിനും.