നടപ്പായിരുന്നു നാം
രാവിലെ മുതൽ തന്നെ.
അന്യോന്യം വിവർത്തനം ചെയ്ത്
മതിവരാതെ,
വീണ്ടും വീണ്ടും തിരുത്തിയുമെഴുതിയു-
മുറക്കെ വായിച്ചും
നടപ്പായിരുന്നു നാം
ഇന്നലെ മുതൽ തന്നെ.
ചരിഞ്ഞും ചാഞ്ഞും
പിന്നെ മരമായ് പെയ്തും
ചിലവേള
മഴനൂൽ കെട്ടിയൊറ്റ-
ക്കുടയെ വരിഞ്ഞിട്ടും
പനിയു-
മിറവെള്ളക്കുളിരും
പകുത്തിട്ടും
നടപ്പായിരുന്നല്ലോ നാം
എന്നെന്നേ മുതൽ തന്നെ.
ഇനിയൊരു
പുഴകൂടി-
( നിറഞ്ഞിരു-
തീരവും മറച്ചെങ്കിലും
സ്നേഹോദ്യുക്ത)
യതുതുഴഞ്ഞപ്പുറ-
മെത്തണമിന്നേ നമ്മൾ.
അക്കരെക്കാട്ടിൻ
വഴിത്താരയിൽ വിളിദൂരം
നടന്നേറിയാലെത്തും
രാത്രിവണ്ടി തന്നിടം.
(സ്വാസ്ഥ്യമെന്നു പേരുള്ള ദൂരനഗരത്തിലേക്കുള്ള)
ഇടറും തീര-
മാടിസ്സന്ധ്യ തൻ
തിരോഭാവം.
കടവിൽ മെരുങ്ങാതെ
വഞ്ചിയും കിനാക്കളും
'എങ്ങനെകടക്കുമീ സാഗരോന്മുഖി'യെന്നു
പ്രജ്ഞയും പ്രതീക്ഷയു
മുറക്കെച്ചോദിക്കുമ്പോൾ
ചുമലിൽവീണ്
ശാന്ത-
മലിഞ്ഞേ പടരുന്നൂ
പുതുസ്വപ്നത്തിൻ പർപ്പിൾ
വീണ നിൻ ചിരിമുഖം.
7 comments:
നന്നായി, വ്യത്യസ്തം. ഇത്തരം ഒരു ടോണുള്ള കവിത വായിച്ചിട്ട് ഏറെയായി. കൂടെ നടക്കുന്നതാരീ ആടിസ്സന്ധ്യയിൽ, സഖിയോ തൻ നിഴൽ താനുമോ?
കവിത ഇഷ്ടപ്പെട്ടു.ഇവിടെ കര്‍ക്കടകം തകര്‍ക്കുകയാണ്.....
പുതുസ്വപ്നത്തിൻ പർപ്പിൾ
വീണ നിൻ ചിരിമുഖം.
Nice
All the Best
പല തലങ്ങളില്‍ പടരുന്ന വാക്കുകളുടെ
മഷിത്തുള്ളി. ബന്ധങ്ങള്‍ക്ക് മാത്രമറിയാവുന്ന
ജ്യാമിതിയായി ഞാനാദ്യമിതിനെ വായിച്ചു.
ആണിനും പെണ്ണിനും മാത്രം തീര്‍ക്കാവുന്ന
അടുപ്പത്തിന്റെ വൈചിത്യ്രം ദര്‍ശിച്ചു, പിന്നെ.
ഏറ്റവുമൊടുവില്‍ ഞാനെന്നെ കൊണ്ടുവെച്ചത്
കര്‍ക്കടകത്തിന്റെ ഇരുള്‍ പടവില്‍.
അന്നേരം കൂട്ടു വന്നു കവിതയും മഴയും
പിന്നൊരു നിഴലും.
ഏറെ കാലത്തിനു ശേഷം അക്ഷരങ്ങളുടെ
ഈ പച്ചപ്പില്‍ വീണ്ടും. സന്തോഷം.
ചരിഞ്ഞും ചാഞ്ഞും
പിന്നെ മരമായ് പെയ്തും
ചിലവേള
മഴനൂൽ കെട്ടിയൊറ്റ-
ക്കുടയെ വരിഞ്ഞിട്ടും
പനിയു-
മിറവെള്ളക്കുളിരും
പകുത്തിട്ടും
നടപ്പായിരുന്നല്ലോ നാം
എന്നെന്നേ മുതൽ തന്നെ.
ഒരു മഴപെയ്ത അനുഭൂതി.....നന്നായിട്ടുണ്ട്
ശ്രീനാഥൻ, ജയദേവൻ, tha man to walk with, ഒരില. രവീണ നന്ദി, വരവിനും വായന്യ്ക്കുമൊപ്പം കർക്കിടകം നനഞ്ഞതിനും.
പനിയു-
മിറവെള്ളക്കുളിരും
പകുത്തിട്ടും
നടപ്പായിരുന്നല്ലോ നാം
എന്നെന്നേ മുതൽ തന്നെ.
....
ശശികുമാര്‍ കവിത നന്നായി.
Post a Comment