വേട്ടക്കാരെത്തേടിയുള്ള
എഴുത്തുപരീക്ഷയില്‍
പെണ്ണിനെക്കുറിച്ചൊരു ചോദ്യം.
കൂടെ നാലുത്തരങ്ങളും.
-ജ്യാമിതീരൂപങ്ങള്ക്കിടയില് വീണുപോയ ഒരിതള്‍
- കരുണയറ്റ വീടകങ്ങളില്പ്പെട്ടുപോയ ഇമ്പമുള്ള കാറ്റ്
- കാലാവസ്ഥകള്‍ തുറക്കാനുള്ള രഹസ്യവാക്ക്
- പൂത്തുലഞ്ഞ താഴ്വരയില് ഒട്ടിച്ചുവച്ച കൃഷ്ണമൃഗം
എന്നിങ്ങനെ.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്ദേഹമായി
ഇതിലേതാണ് ശരിയുത്തരം?
ഇതിലേതല്ല ശരിയുത്തരം?
എത്ര ചിന്തിച്ചിട്ടും
അവര്‍ക്കാര്‍ക്കും ഒരുനിഗമനത്തിലെത്തിച്ചേരാന് കഴിഞ്ഞില്ല.
പാവനമായ ഒരു തിരിച്ചറിവോടെ
അവരതിനെ വെറുതെ വിട്ടു.
ചോദ്യമുയര്‍ത്തിയ രസകരമായ വെല്ലുവിളി
കണ്ടില്ലെന്നിരിക്കാന്
ഒരുത്തനു മാത്രം കഴിഞ്ഞില്ല.
പരീക്ഷകഴിഞ്ഞ്
തിരിച്ചുപോകുന്ന വഴിയില്‍
അവനിടയ്ക്കൊരിടത്തു ബസ്സിറങ്ങി.
പിന്നെ, തപ്പിത്തടഞ്ഞ്
താഴ്വാരത്തിലേക്ക് തനിച്ചുനടന്നു.
അപ്പോഴുമവിടെ നില്‍പ്പുണ്ട്
നമ്മുടെ ചോദ്യത്തിലെ കൃഷ്ണമൃഗം.
തോക്കില്‍ ഘടിപ്പിച്ച ദൂരദര്‍ശിനിയിലൂടെ
താഴ്വാരം മുഴുവന്‍ നിവര്‍ത്തിയിട്ടതിനു ശേഷം
ജന്തുകുലത്തെക്കുറിച്ചവന് കൂടുതല്‍ പഠിയ്ക്കാന്‍ തുടങ്ങി.
അത്തരം ചോദ്യങ്ങള്ക്കിനിമേല്
ഉത്തരം കിട്ടാതെപോകരുത്
എന്ന ശാഠ്യത്തോടെ.
4 comments:
ഉത്തരം കൊടുത്തേ ഒക്കൂ എന്ന ശാഠ്യം! ഏതായാലും ഉ ത്തര സൂചിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഉത്തരവും ശരിയാണ് എങ്കിലും വേട്ടയ്ക്ക് കൂടുതൽ യോജിക്കുക കൃഷ്ണമൃഗം തന്നെ. നല്ല കവിത, വ്യത്യസ്തത.
പുതുവത്സരാശം സകൾ
good...keep it up
വേട്ടയാടപ്പെടാന്‍ വിധിക്കപ്പെട്ട കൃഷ്ണ മൃഗം !
Post a Comment