Tuesday, January 3, 2012

പതിനേഴുകാരിയെ എഡിറ്റ്‌ ചെയ്യുമ്പോള്‍

ഇത്രയേറെ നിലാച്ചിരിവേണ്ടെന്നു പറഞ്ഞ്‌
ചിറകുമുറിച്ചുകളഞ്ഞത്‌ അച്ഛനാണ്‌.

ജാലകത്തിലൊരു ചതുരക്കടല്‍ മാത്രം തന്ന്
ആകാശമത്രയുമിടിഞ്ഞുപോയതറിയാം.

മരങ്കേറിയുടെ വികൃതിക്കൈയെന്നുപറഞ്ഞ്‌
വല്ലിയത്രയുമഴിച്ചുകളഞ്ഞത്‌ പൊന്നാങ്ങളയാണ്‌.

കാണെക്കാണെപ്പൊഴിഞ്ഞു പോയതറിയാം
കാടോര്‍മ്മയുടെ ചിറ്റം.

വേണ്ട! മഴക്കറുമ്പിയോടൊത്തുള്ള കൂട്ടെന്നു മുരണ്ട്‌
പടിവാതിലടച്ചുകളഞ്ഞതു പാറോതിയാണ്‌.

ആടിയറുതിയ്ക്കു മുമ്പേ പിണങ്ങിപ്പോയതോര്‍ക്കുന്നുണ്ട്‌
മയിലമ്മയും മക്കളും.


ഇനിയെന്തുബാക്കിയെന്നു
സന്ദേഹപ്പെട്ടു പരതുമ്പോള്‍

എന്റെയര്‍ക്കസൂര്യദിവാകരന്മാരേ
അധികമൊന്നുമില്ല ഞാനിനി
അധികമൊന്നുമേയില്ല ഞാനിനി

ഒരുപാതിയിലൊളിഞ്ഞ്‌
തളത്തിലും
ചാവടിയിലും
വെട്ടിയൊരുക്കി വച്ച ബോണ്‍സായ്‌

മറുപാതിയില്‍ത്തെളിഞ്ഞ്‌
നിരഞ്ജന
നിര്‍മ്മല
നിവേദിതയെന്നിങ്ങനെ
ദാവണിയില്‍പ്പൊതിഞ്ഞെടുത്ത പലഹാരം

അത്രതന്നെ.

12 comments:

Yasmin NK said...

വളരെ ശരിയാണു, ബാക്കിയൊന്നുമില്ല.

ആശംസകള്‍ ഈ നല്ല കവിതക്ക്..

ചന്ദ്രകാന്തം said...

അരിച്ചെ(ഞ്ഞെ)ടുക്കല്‍!

മനോജ് കെ.ഭാസ്കര്‍ said...

ഇന്ന് അങ്ങനെയാണ് വളര്‍ച്ച മുരടിപ്പിക്കാന്‍ നോക്കും. പക്ഷേ, വേരുകള്‍ മണ്ണിനടിയിലൂടെ ജലം തേടി പോകും. ജലം കിട്ടുന്നിടത്ത് പൊട്ടികിളിര്‍ക്കും. അപ്പോഴേ വളര്‍ത്തിയവന്‍ അറിയൂ തന്റെ ചെടി മറ്റൊരിടര്‍ത്ത് കിളിര്‍ത്തു തുടങ്ങിയെന്ന്.

നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍.....

ചിരുതക്കുട്ടി said...

avasanathe varikal orupaadishttappettu

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ലവരികള്‍ ..നല്ല ആശയം,ആഖ്യാനം.

ശ്രീനാഥന്‍ said...

അതെ, ഇതാണ് പെണ്ണെഡിറ്റിങ്!

MUHAMMED SHAFI said...

nannaayirikkunu aashamsakal

Radhakrishnan Kollemcode said...

അഭിനന്ദനങ്ങള്‍....

മാധവൻ said...

കാണെക്കാണെപ്പൊഴിഞ്ഞു പോയതറിയാം
കാടോര്‍മ്മയുടെ ചിറ്റം.

Rini said...

വളരെ നന്നായിരിക്കുന്നു..

ഭാനു കളരിക്കല്‍ said...

ഇഷ്ടപ്പെട്ടു ചങ്ങാതി.

ഒരില വെറുതെ said...

എത്ര മുറിച്ചെടുത്താലും
ഇറ്റു ബാക്കിയാവും
ഉള്ളിലെന്തോ.
മനസ്സാവാം.
സ്വപ്നമാവാം.
ഇത്തിരി മഴയുടെ
വക്കുപൊട്ടിയ ഓര്‍മ്മയാവാം.
അതു തന്നെയാവാം
ജീവിതമെന്ന്
വലിയ അക്ഷരത്തിലെഴുതി
ചില്ലിട്ടു വെക്കുന്നതും.