Sunday, June 24, 2012

‘നയൻ വൺ സിക്സ്’


ആദ്യരാത്രിയുടെയുദ്വേഗത്തിൽ നിന്ന്


വിമുക്തമാകാൻ വേണ്ടിയാണ്‌

നാമോരോന്നങ്ങനെ പറഞ്ഞു തുടങ്ങുന്നത്.



എത്രപറഞ്ഞിരുന്നാലും കടക്കാവുന്നതല്ല

ഉൽക്കണ്ഠയുടെ കടലെന്നു

നമുക്കുടൻ തന്നെ ബോദ്ധ്യം വരും.



അപ്പോഴാണ്‌ പരസ്പരം

കണ്ടറിഞ്ഞാലോ-

യെന്നൊരാശയം തലനീട്ടി വരുന്നത്.



അങ്ങനെയങ്ങനെ

വിരുതുറ്റ വിരലുകൾ

ഓരോന്നഴിച്ചുപെറുക്കാൻ തുടങ്ങും.



അമ്മ തുന്നിച്ചതും

അച്ഛൻ കടം കൊണ്ടതും

എന്നുവേണ്ട

ഉടൽമറകളോരോന്നിങ്ങനെ

യഴിഞ്ഞുവീഴാൻ തുടങ്ങുമ്പോൾ


ലജ്ജകൊണ്ടു നീ ചുവന്നുതുടുക്കും


ചുവന്നുചുവന്നു പടർന്നൊഴുകാൻ തുടങ്ങിയാലും

പെണ്ണേ! ഞാനതുതൊട്ടെടുക്കുകയില്ല.



പകരം

ആലക്തികവിളക്കുകളുടെ നൂറുനില മാളിക തുറന്ന്

നിന്നെ ഞാനങ്ങോട്ടു വിളിക്കും.



നിലാത്തിരിയിട്ട് നീട്ടി നീട്ടി-

യോരോ മുഴുപ്പും മടക്കും

കോരിയെടുക്കാൻ തുടങ്ങും.



ഒടുക്കം

മാറ്റും മിനുപ്പുമളന്ന്

പണിത്തരം ബോധിച്ച്

പൊന്നുടലിനൊരു മതിപ്പുവില ചാർത്തിക്കൊടുക്കും.



പക്ഷേ

അതിനുമുമ്പ് കണ്ടെത്തേണ്ടിയിരിക്കുന്നു

ഗുണമേന്മ-

യാലേഖനം ചെയ്ത

‘നയൻ വൺ സിക്സ്’ മുദ്ര !



5 comments:

ajith said...

ഹോള്‍ മാര്‍ക്ക്.....

Admin said...

കൊള്ളാം.. നന്നായി എഴുതി.. ആശംസകള്‍..

ഒരില വെറുതെ said...

അവസാനമത്തെിയപ്പോള്‍
ഒരു പ്രതിബദ്ധ കവിയെ ചുവയ്ക്കുന്നു.
ആദ്യമോ, ഒരു സാധാരണ ആണ്‍ കവിതയും.
ഇങ്ങനെയൊന്നുമായിരുന്നില്ല
ഈയിലയില്‍ മഴ ബാക്കിനിന്നിരുന്നത്.
നീണ്ട കാലത്തിനുശേഷം വായിക്കുന്നതു കൊണ്ടാവാം. അല്ളെങ്കില്‍, നീണ്ട കാലം
സ്വന്തം അഭിരുചികളെ മാറ്റിക്കളഞ്ഞതു കൊണ്ടുമാവാം.
എങ്കിലും, ആഴത്തില്‍ ആഴത്തില്‍ വേരുകളുള്ള വാക്കുകളുടെ ആ വെള്ളപ്പൂക്കള്‍ തന്നെയായിരുന്നു എനിക്കിഷ്ടം.

- സോണി - said...

ഹും!
എത്രയായാലും യാഥാസ്ഥിതികമനോഭാവം വിട്ടുമാറുന്നില്ല.
അതും ആ നയന്‍വണ്‍ സിക്സ് എന്നത് തന്നെ ഇന്നൊരു മിഥ്യ മാത്രായിരിക്കുമ്പോള്‍...

ശ്രീനാഥന്‍ said...

ഒരു പത്തരമാറ്റ് ചാരിത്രം തിരയുന്നൂ പെണ്ണുടലിൽ. സ്റ്റ്യിലായി പരിഹാസം.