Wednesday, September 19, 2012

ഹെയർ ഫിക്സിങ്ങ്

വലത്തേക്ക് മാടിയൊതുക്കി വയ്ക്കുമ്പോൾ
തെളിയുന്നുണ്ട്
അതുവരെക്കാണാതിരുന്നൊരുപദ്വീപ്.

ഇടത്തേക്ക് കോതിയൊതുക്കുമ്പോൾ
തിരിയുന്നത് കാണാം
ആളൊഴിഞ്ഞൊരർദ്ധഗോളം.

നെറ്റിയിലേക്ക് വലിച്ചടുപ്പിച്ചിട്ടാലും നിവൃത്തിയില്ല
തെളിഞ്ഞുനില്പ്പുണ്ടതാ
നെറുകയിലൊരപരലോകം.

ഓരോ ചീകിയൊതുക്കലിലും
അലോസരപ്പെടുത്തി വരുന്നുണ്ട്
മറന്നിട്ട ചില കൂട്ടുകൾ.
മാഞ്ഞുപോയ പല വഴികളും.

ഒടുക്കം
മുടിനാരുകൾ പാകി വീട്ടിലെത്തി
മനംപോലൊക്കെയൊരുക്കിയിടുന്നേരം

എന്തൊരത്ഭുതം !

ചിരിച്ചു തൂകി
കണ്ണാടിയിൽ നില്പ്പുണ്ടൊരു കേശവൻ.

ഞാൻ മാത്രമെങ്ങുമില്ല !!

 

3 comments:

rameshkamyakam said...

അതു നന്നായി.

വെഞ്ഞാറന്‍ said...

ഏതോ പദ്യക്കമ്പക്കാരന്റെ 'പണ്ഡിറ്റ്സൃഷ്ടി'യായിരിക്കുമെന്ന മുന്‍വിധിയുമായി, വെറുതേയൊന്ന് കയറിയതാണിവിടെ. അമ്പരപ്പിചു താങ്കള്‍!
അതുവരെക്കാണാതിരുന്ന ഒരു ഉപദ്വീപ്!
ആളൊഴിഞ്ഞ അര്‍ദ്ധഗോളം!
അപരലോകം!
വരികള്‍ വായിച്ചുതീരാന്‍ നേരമേറെയെടുത്തു. മറന്നിട്ട ചില കൂട്ടുകളും മാഞ്ഞു പോയ പല വഴികളും എന്റെ മനസ്സിലേക്കും കുത്തിയൊഴുകിവന്നു.
പുതിയ കാലത്ത് അവ അലോസരപ്പെടുത്തുന്നതു കൊണ്ട് തടഞ്ഞു നിര്‍ത്തിയിരുന്നതാണ്. എന്നിട്ടും.

ഭാനു കളരിക്കല്‍ said...

കേശവാ ....

ഇഷ്ട്ടപെട്ടു.