Sunday, March 17, 2013

തിരസ്കൃതൻ



എത്രയടി വിശ്വാസം കാണുമെന്നറിയാൻ


മുങ്ങിനോക്കിയതാണ്‌, നിന്നിൽ.



സമ്മതിച്ചില്ലവർ.



അരുമയോടെ കോരിയെടുത്ത്

കരയ്ക്കിട്ടു കളഞ്ഞു.



പ്രാണധാര ബന്ധിച്ച്

നിന്നെത്തന്നെ ധ്യാനിച്ചുനിന്നതാണ്‌.



സഹിച്ചില്ലവർക്ക്.



സൂക്ഷ്മതയോടറുത്ത് നിലത്തിട്ടുകളഞ്ഞു.



എന്തുമാത്രം മധുരിക്കുമെന്നറിയാൻ

രുചിച്ചുനോക്കിയതാണു നിന്നെ.



രസിച്ചില്ലാർക്കും.



കടവായിലൂടൊലിച്ച പ്രണയമത്രയുമൊപ്പി

പച്ചോലകൊണ്ടു പറ്റെ

മറച്ചിട്ടു കളഞ്ഞല്ലോ.



ഇനിയെന്തുചെയ്യുമെന്നറിയാൻ

ശ്വാസമടക്കി-

ക്കിടന്നപ്പോഴല്ലേ രസം.



തിരസ്കരിയ്ക്കപ്പെട്ട സ്നേഹമെന്നോ

മാറാതെ പോയ ചെക്കുകളെന്നോ

മറ്റോ പറഞ്ഞ്



പലതായെന്നെ

കൊത്തിനുറുക്കിക്കളയാൻ

തുടങ്ങിക്കഴിഞ്ഞല്ലോ ചിലർ !!



3 comments:

സൗഗന്ധികം said...

ഒന്നിനും സമ്മതിക്കില്ല ചിലർ..അവർ തിരസ്ക്കരിക്കും ചിലപ്പോൾ പ്രാണവായു പോലും..!!!

ഒരു കാരണവുമില്ലാതെ.തിരസ്ക്കരിക്കാൻ വേണ്ടി മാത്രം..!!!

ഇഷ്ടമായി സർ. നല്ല കവിത.

ശുഭാശംസകൾ.....

ഭാനു കളരിക്കല്‍ said...

തിരസ്കൃത പ്രണയം പോലെ കയ്പുള്ള ഒന്നുമില്ല.

ചന്ദ്രകാന്തം said...

വിശ്വാസത്തിന്റെ എത്ര'യടികള്‍'!!!