Tuesday, February 25, 2014

കൂട്ടിന്റെ വഴികൾ




‘എത്രനാളായി കണ്ടിട്ടെന്ന്‘
കരം നീട്ടി നീ ചിരിയ്ക്കുമ്പോൾ
തൊട്ടറിയുകയാണു ഞാൻ
മറന്നുപോയൊരു സൌഹൃദം.

നമുക്കിടയിലിണങ്ങാതെ-
യിരുൾപുൽകിയൊരു ധാരയെ
വെളിച്ചത്തിലേക്കു മെല്ലെ-
ത്തലോടിയൊഴുക്കുന്നു ഞാൻ.

നമുക്കുള്ളിൽപ്പാടാതെ-
യടക്കം ചെയ്തപാട്ടുകൾ
സ്വരചാരുതചാലിച്ച്
നിന്നിലേക്കണയ്ക്കുന്നിതാ.

നാമൊന്നിച്ചുകാണാതെ
മാഞ്ഞേപോയ കാഴ്ചകൾ.

നാമൊന്നിച്ചു നനയാതെ
പെയ്തേപോയ മഴത്തളിർ.

നാമൊന്നിച്ചുമുങ്ങാതെ
യന്യം നിന്ന പുഴക്കുളിർ.

നമ്മിലേക്കു നോക്കാതെ
പൂക്കാതായ പകൽമരം.

നാമില്ലാതെ,യാടാതെ
വാടാറായ കിനാവുകൾ.

ഒക്കെയോർത്തെടുക്കുന്നു നീ
ഒപ്പം കൂടുന്നു ഞാനും.
എന്തു നിസ്തുലമീ സ്നേഹം
എത്ര ജന്മങ്ങൾ തീരിലും !!

‘എത്രവാടിപ്പോയെന്ന്’
നിശ്ശബ്ദം നീ തുളുമ്പുമ്പോൾ
കാലത്തിൻ കരകൌശലമെ-
ന്നാരുപിന്നിൽ ചിരിക്കുന്നൂ ?

ഏതു കൌശലം പണിഞ്ഞാലും
തിളക്കം മായാത്ത കുസൃതിയിൽ
നീ ചിരിച്ചേ നിൽക്കുമ്പോൾ
വേറെന്തിനു പൌർണമി !

നേർത്തനീലവെളിച്ചത്തിൽ
നാമൊന്നിച്ചു കുളിയ്ക്കുമ്പോൾ
നിന്റെ വണ്ടിവന്നെന്ന്
ചിതറിത്തീരുന്നറിയിപ്പുകൾ.

‘എന്നിനിക്കാണുമെന്ന്‘ കരം മുകർന്നു
നീ ചിരിക്കവേ
തൊട്ടറിഞ്ഞു നിൽപ്പൂ ഞാൻ
ലക്ഷദ്ദീപനിർഝരി !!

3 comments:

AnuRaj.Ks said...

Vayichal manasilakunna varikalanenkilum oru thumpum kittunnilla..

സൗഗന്ധികം said...

തുടരുമീയാത്മബന്ധങ്ങളിൽ,
അമൃത ചന്ദ്രോദയം...


നല്ല കവിത


ശുഭാശംസകൾ.....

മാധവൻ said...

നാമൊന്നിച്ചു നനയാതെ
പെയ്തേപോയ മഴത്തളിർ.

നാമൊന്നിച്ചുമുങ്ങാതെ
യന്യം നിന്ന പുഴക്കുളിർ.

നമ്മിലേക്കു നോക്കാതെ
പൂക്കാതായ പകൽമരം...


വിടുതലാഗ്രഹിക്കാത്തൊരഡിക്ഷനാണെനിക്ക് ശശിയുടെ കവിതകള്‍

സലാം സുഹൃത്തേ..