Sunday, November 30, 2014

അയൽ



പണ്ടു നീ വടക്കെങ്ങാണ്ടായിരുന്നു.

രണ്ടു രാവുകളും
ഒരു പകലും വേണമായിരുന്നു
ചെന്നെത്താൻ.

എന്നാലും
മുടക്കമില്ലാതെ
തേടിയെത്തുമായിരുന്നെഴുത്തുകൾ.

നമുക്കിടയിലന്ന്
നീലമഷിയുടെ ഒരു കടൽ ദൂരം.

എങ്കിൽ‌പ്പോലും നീയടുത്താണെന്ന്
തോന്നിച്ചിരുന്നു.

വിരൽഞൊടിക്കപ്പുറത്ത്
എപ്പോൾ വേണമെങ്കിലും
തൊട്ടെടുക്കാവുന്ന പാകത്തിൽ.

ഒരിക്കൽ ഞാനെഴുതി.

മടങ്ങിവരും കാലം
അരികിൽത്തന്നെ വീടുവയ്ക്കണം.

നിന്നെയെന്നും കണ്ടുകൊണ്ടിരിക്കാനാണ്.

ഇപ്പോഴും നീ വടക്കു തന്നെയാണ്,
രണ്ടുമിനിറ്റു തികച്ചുവേണ്ട ചെന്നെത്താൻ.

എന്നിട്ടും,
മുടക്കം വന്നുകിടപ്പാണ് പലതും.

കാണാനൊന്നിറങ്ങിത്തിരിച്ചാൽ തന്നെ
നടന്നെത്താനാവാത്ത ദൂരം.

തൊട്ടെടുക്കാമെന്നു വച്ചാലോ

നമുക്കിടയിലൊരാൾമറ !!

7 comments:

Anonymous said...

കവിത വളരെ ഹൃദ്യമായിരിക്കുന്നു...
സാങ്കേതികവിദ്യ മനുഷ്യര്‍ തമ്മിലുള്ള അകലം കുറയ്ക്കുമ്പോഴും...
ഒരു നിശ്വാസത്തിനകലത്തു നില്‍ക്കുന്നവരുടെ മനസ്സുകള്‍ വളരെ വളരെ ദൂരെയാണ്...

സൗഗന്ധികം said...

ഏഴു കടലുകളും, ഏഴു വൻ കരകളും വേണമെങ്കിൽ താണ്ടാം.
മനുഷ്യനതു നിഷ്പ്രയാസം സാധ്യം. കൈയ്യകലത്തുള്ള മറ്റൊരാളിന്റെ മനസ്സിലേക്ക്‌ നടന്നു കയറാൻ ചിലപ്പൊ ഒരു ജന്മം മതിയാകില്ല..!!!!

നന്നായി എഴുതിയിരിക്കുന്നു. ഇഷ്ടമായി.


ശുഭാശംസകൾ......

ajith said...

വാസ്തവം. ദൂരങ്ങള്‍ അധികരിച്ച കാലം

Vinodkumar Thallasseri said...

തൊട്ടെടുക്കാമെന്നു വച്ചാലോ

നമുക്കിടയിലൊരാൾമറ !!

ബൈജു മണിയങ്കാല said...

നമുക്കിടയിലന്ന്
നീലമഷിയുടെ ഒരു കടൽ ദൂരം സുന്ദരം കടൽ പോലും എത്ര റൊമാന്റിക്‌ ആയി

Bipin said...

അടുത്തപ്പോൾ അകലം കൂടി.

മാധവൻ said...

രണ്ട് മിനുട്ട് തികച്ച് വേണ്ടാതത്രയും വടക്ക്‌

എന്നിട്ടും ,,,


കവിത കൊണ്ടു ശശി ..സലാം