Monday, January 12, 2015

മുങ്ങാങ്കോഴി


അമ്മ പറഞ്ഞിട്ടു
മുങ്ങിയതാണ്.

നൂറെണ്ണിത്തീരുവോളം
കിടക്കണം
ജലത്തിന്റെ ഊടുപാവുകൾ
കണ്ടു കണ്ട്.

അതാണ് നിയമം
അതുമാറ്റാൻ പഴുതില്ല നമുക്ക്.

അമ്മ പന്തയം വച്ചു പോയതാണ്
ചിലരോട്.

ജയിച്ചാൽ
കിട്ടും പോലും
പഞ്ചായത്തു വക പൊന്നരി.

അതും ഒരു തുണിസഞ്ചി നിറയെ

നോട്ടം കൊണ്ടു
പൊട്ടാറായ നെഞ്ചുമൂടാൻ

അമ്മയ്ക്കും കിട്ടും
തുണിക്കടക്കാരുടെ വക
ഒരു പട്ടുചേല.

തീർന്നില്ല.
ചാനലുകളുടെ
സമ്മാനപ്പെരുമഴ ഇനി വേറെയുമുണ്ടു
പോലും.

എന്തായാലുമമ്മേ
ഞാനങ്ങുവരട്ടെ,
ലോകരായ ലോകർക്കൊക്കെ
നമുക്കൊരു പെരുനാളൊരുക്കിക്കൊടുക്കണം.

അതിരിക്കട്ടെ,
ജലനൂലുകൾ നോക്കി
ഞാനിങ്ങനെ കിടക്കുമ്പോൾ
നീയെന്തിനാണാവോ നെഞ്ചറഞ്ഞു വീഴുന്നത് ?

തൊണ്ണൂറ്റൊമ്പതെണ്ണി കഴിഞ്ഞ്
കമ്മറ്റിക്കാർ നിൽക്കുന്നെങ്കിൽ
നിന്നോട്ടെ !

അതിനു നമുക്കെന്തു ചേതം.

സമ്മാനമുറപ്പിച്ച്
ഞാനങ്ങുവരില്ലേ ?

ഏറിപ്പോയാലൊരു
മൂന്നുനാൾ.

അത്രതന്നെ !

6 comments:

Vinodkumar Thallasseri said...

ഏറിപ്പോയാലൊരു
മൂന്നുനാൾ.

അത്രതന്നെ !

Salim kulukkallur said...

പന്തയ ശേഷം...

Bipin said...

മനോഹരമായ കവിത. വിശക്കുന്ന വയറും 'നോട്ടം കൊണ്ട് പൊട്ടാറായ നെഞ്ചും' അതിനുള്ളിലെ വിങ്ങലും ഭംഗിയായി അവതരിപ്പിച്ചു. മൂന്നു നാൾക്ക് ശേഷമുള്ള വരവ് മനസ്സിൽ ഒരു വേദനയായി പടർത്താൻ ശശി കുമാറിന് കഴിഞ്ഞു.

ബൈജു മണിയങ്കാല said...


ബിപിൻ മാഷ് ന്റെ വായന തന്നെ
ചില അബ്സ്ട്രാക്റ്റ് പൈന്റിങ്ങിനു മാത്രം കഴിയുന്ന വികാരങ്ങൾ വരികളിൽ വരയ്ക്കാൻ കഴിയുക കഴിവ് തന്നെയാണ്
ജലത്തിന്റെ ഊടുപാവുകൾ, നോട്ടം കൊണ്ടു
പൊട്ടാറായ നെഞ്ചു സുന്ദരം

മാധവൻ said...

ഉൾകിണറുകളിലേക്ക് ഊളിയിട്ടിറങ്ങിപ്പോയ ഖസാക്കിലെ മുങ്ങാങ്കോഴിയെ ഓർമ്മ വന്നു ..

നോവുകൊണ്ട് നെഞ്ച് പൊട്ടുന്ന ..കവിതക്ക് സലാം ശശി

ചെറുകനിയെങ്കിലും തരാതിരുന്നില്ല ഈ വഴിക്കുള്ളോരു യാത്രയും


സുധി അറയ്ക്കൽ said...

വായന നഷ്ടമായില്ല.ആശംസകൾ.