Tuesday, February 17, 2015

‘വെളഞ്ഞ’ വിത്തും മരങ്കേറിയും-ഒരകവിത


(എത്ര മറന്നുപോകിലും ഒടുക്കം വള്ളിവീശിയെത്തുന്ന പ്രണയവിത്തുകൾക്ക്)


പണ്ടേ ‘വെളഞ്ഞ’ വിത്തായിരുന്നു.

മടിയിലും മുറത്തിലു-
മടങ്ങിക്കിടക്കുമായിരുന്നില്ല.

എത്ര തൂവിയിട്ടും പൊലിച്ചു
തന്നിരുന്നില്ല
പ്രണയത്തിന്റെ പറകൾ.

എത്രയടുക്കിയിട്ടും
നിറച്ചുതന്നിരുന്നില്ല
രുചിയുടെ കലവറ.

തിളനിലയിൽ
അരിക്കലത്തോടിടഞ്ഞും

ഉരപ്പുരയിലാ-
ളിമാരോടു ഞെളിഞ്ഞും

പാതിവെന്തും
പതിരായ് മറഞ്ഞും

പതുങ്ങി നടപ്പായിരുന്നെന്നും.

ഒടുക്കം,
അലോസരത്തിന്റെ-
യമാവാസി രാവൊന്നിൽ

കൈകാലുകൾ
കൂച്ചിക്കെട്ടി

ജീവനോടെ
കുഴിച്ചിട്ടുകളഞ്ഞു,
അസത്തിനെ.

തൃച്ചംബരത്തോ തൃക്കാക്കരയിലോ**
പോയിരിക്കാമെന്ന്
ചോദിച്ചവരോടൊക്കെ പറഞ്ഞു.

ഒട്ടുനാൾ കഴിഞ്ഞ്
ഒക്കെ മറന്നിരിക്കുന്നൊരു
പാതിരാമഴയത്ത്,
വാതിലിൽ മുട്ടോടുമുട്ട്.

ചുവന്നതൊപ്പിക്കാരെന്നു
നിനച്ച്
കീഴടങ്ങാൻ ചെല്ലുന്നേരം

പച്ചദാവണി ചുറ്റി
വള്ളിവീശി നിൽ‌പ്പാണല്ലോ

‘വെളഞ്ഞവിത്തൊ‘രുത്തി !

പോരാഞ്ഞിപ്പോൾ മരങ്കേറിയും !!



**( ‘തൃച്ചംബരത്തോ ഭജിക്കുവാൻ പോയി നീ, തൃക്കാക്കരയിലോ...‘ എന്നുള്ള ഓയെൻ‌വി സാറിന്റെ പ്രശസ്ത വരികൾ ഓർത്തുകൊണ്ട്)


12 comments:

Shahid Ibrahim said...

കൊള്ളാം.നന്നായിരിക്കുന്നു.ആശംസകൾ

Unknown said...

Nice one..

Please visit my blog about "Kerala Photos" - http://goo.gl/JHWLtR and please give your valuable comments

Vinodkumar Thallasseri said...

Good one dear

ബൈജു മണിയങ്കാല said...

വേറിട്ടു എഴുത്ത് എന്തോ കഥ ഇതിന്റെ പിറകിലുണ്ട് എന്ന് തോന്നുന്നു അത് അറിയില്ല എന്നാലും ആസ്വദിച്ച് എഴുത്ത് ചില പൈതൃക മണങ്ങൾ ഉരപ്പുരയിലാ-
ളിമാരോടു ഞെളിഞ്ഞും പോലും വരികൾ പകരുകയും ഉണ്ടായി

Bipin said...

എത്ര കളഞ്ഞാലും വലിച്ചെറിഞ്ഞാലും അത് വീണ്ടും തളിർത്ത്‌ പൂവണിയും. കാക്കി തൊപ്പി മതിയായിരുന്നു. കവിത നന്നായി.

കല്ലോലിനി said...

നല്ല കവിത.!!

സുധി അറയ്ക്കൽ said...

നന്നായിട്ടുണ്ട്‌.

സുധി അറയ്ക്കൽ said...

നന്നായിട്ടുണ്ട്‌.

Hashida Hydros said...

ഒട്ടുനാൾ കഴിഞ്ഞ്
ഒക്കെ മറന്നിരിക്കുന്നൊരു
പാതിരാമഴയത്ത്,
വാതിലിൽ മുട്ടോടുമുട്ട്.
............... ഇഷ്ട്ടപ്പെട്ടു..

മാധവൻ said...

പുറപ്പെട്ട് പോയ പ്രണയങ്ങൾക്ക് കതകിൽ മുട്ടാൻ

പാതിരാ മഴയോളം നല്ല നേരമേതാ ..ശശീ ..

സദാ മനോഹരം കവിത ,.

SASIKUMAR said...

എന്റെ എളിയവരികളെ തേടി വന്ന ഔദാര്യത്തിനും സഹൃദയത്വത്തിനും നന്ദി.

വിനോദ് കുട്ടത്ത് said...

വിളഞ്ഞ വിത്തൊരുത്തി ....
പോരാഞ്ഞിപ്പോള്‍ മരംകേറിയും ....മനോഹരമായ വാക്കുകളില്‍....തകര്‍ത്തു .... ആശംസകൾ....