Saturday, March 5, 2011

മഴക്കവിതകളെപ്പറ്റി

മഴയെക്കുറിച്ചുള്ള
നീണ്ടകവിതകളെഴുതിയത്‌
എന്റെ അമ്മയാണ്‌

നിരക്ഷരയായ അവരുടെ വിരലുകൾക്ക്‌
വഴങ്ങാതെ പോയ അക്ഷരങ്ങൾ
മേഘരൂപങ്ങളായിത്തീന്നു.

ഒടുക്കം, സ്വർഗസ്ഥയായതിനു ശേഷവും
എന്റെചില ഏകാന്തസന്ധ്യകളെ
അപ്രതീക്ഷിതമായ പെരുമഴ കൊണ്ട്‌
അവർ അമ്പരപ്പിയ്ക്കാറുണ്ട്‌.

മഴയെപ്പറ്റി
ഏറ്റവും അർത്ഥപൂർണമായ
കവിതകളെഴുതിയത്‌
എന്റെ സുഹൃത്തുക്കൾ തന്നെ.

ഛന്ദോമുക്തമെങ്കിലും
അവതരണപ്രിയകളായിരുന്നു
അവയെല്ലാം.

ഒരിക്കൽ
സ്നേഹത്തിന്റെ ഒരാഗോള പര്യടനത്തിനിടയ്ക്ക്‌
അവരെക്കാണാതായി.

കാൽപ്പനികതയിലേക്ക്‌
കടൽപൂത്തിറങ്ങുന്ന രാത്രികളിൽ
ഞാനിപ്പോഴും
വാതിൽ തുറന്നിട്ടു കാത്തിരിക്കും

സൗഹൃദമെന്ന മഴ
എപ്പോൾ വേണമെങ്കിലും വരാമല്ലോ.

എന്നാലും എനിയ്ക്കേറ്റമിഷ്ടപ്പെട്ട മഴക്കവിത-
യൊരുക്കിയത്‌ നീയാണ്‌
ഒറ്റക്കുടയുടെ തരളനിമിഷങ്ങളിലൊന്നിൽ
എഴുതാൻ മറന്നുപോയ ഒന്ന്.

അതിന്റെ പിറക്കാതെ പോയ ചമൽക്കാരങ്ങളിൽപ്പെട്ട്‌
ഞാനിന്നും മഴനനയാറുണ്ട്‌.

Monday, February 14, 2011

എരിവ്‌

വൈകിട്ട്‌-
ആഘോഷങ്ങൾക്കൊപ്പം
നാവിൽ ചേർത്ത ഉപദംശത്തിന്‌
പതിവിൽക്കവിഞ്ഞ എരിവ്‌

അശരീരിയെങ്കിലും
പൂർവ്വജന്മസ്മൃതിയുള്ള
മുളകുപറഞ്ഞു.

"ശുഭസന്ധ്യ ! സഖാവേ, നീയെന്നെയറിയും!
നാമൊരേ വേനൽ തിന്നവർ
ഒരേമഴനൂലുനൂറ്റവർ
ഒരേസ്വപ്നത്തിന്നഴിയാക്കുരുക്കി-
ന്നക്കരെയിക്കരെ രാപോക്കിയോർ.

ഓർമ്മയുണ്ടാകും-
നീ നിറം കുറഞ്ഞവൻ
ധ്യാനം ശീലിച്ചവൻ
കവി

കർഷകൻ നിന്നോടുപറഞ്ഞു
മണ്ണിന്നടിയിൽ മഴവേരുകൾ തേടി
പ്രാർത്ഥിച്ചുകൊണ്ടേയിരിക്കാൻ

നിറവും കരുത്തുമുള്ള
എന്റെ ഉടലും
അമ്ലരസമൂറുന്ന ചിന്തകളും
രുചിരസികർക്കിടയിൽ
ദീർഘനാൾ ചർച്ച ചെയ്യപ്പെടുമെന്നും
അയാൾ പ്രവചിച്ചു.

അങ്ങനെയാണു ഞാൻ മോക്ഷപദം നേടിയത്‌

ഇത്‌ സൗഹൃദത്തിന്റെ രസവൈഭവം
ഇതു നീ തൊട്ടെടുത്താലും."

സ്വകാര്യം

കവിയാകുന്നതിനു മുൻപ്‌
മോഷണമായിരുന്നു തൊഴിൽ

പ്രണയം വീണുനനഞ്ഞ കവിതകൾ..
ചെമ്പരത്തിപോലെ തുടുത്തവ..
ഇടിമുഴക്കി പെയ്യുന്നവ..

ഒക്കെയൊക്കെ
ഓരോരോ കവിമനസ്സിന്റെയും
പിൻ വാതിൽ തുറന്നു
കവർന്നെടുക്കും

അനന്തരം...
കാണാതായ സുഹൃത്തുക്കൾക്കു വേണ്ടി
മഷിയുടെ സാന്ത്വനം പുരട്ടി
സൂക്ഷിച്ചുവയ്ക്കും.

വെളിച്ചം കാണാതിരുന്ന കവിതകൾ
ആദ്യമൊന്നും മെരുങ്ങിയിരുന്നില്ല.

ഉടമസ്ഥനിലേക്കു മടങ്ങി പോകാനാകാതെ
നിർന്നിദ്രം
അവർ ഗർജ്ജിച്ചു കൊണ്ടിരുന്നു.

ഒരുനാൾ
സ്മരണകളിൽനിന്നു വേർപെട്ട്‌
അന്ധരായ പൂച്ചക്കുട്ടികളെപ്പോലെ
അവർ ശാന്തരായി.

എന്നിട്ടും
ഇന്നും ഞാൻ പേടിച്ചുകൊണ്ടിരിക്കുന്നു.

കവിത നഷ്ടപ്പെട്ടവർ
ഒരുനാൾ എന്നെക്കണ്ടെത്തുമെന്നും
വിചാരണയ്ക്കു ശേഷം
അവരുടെ ഹൃദയങ്ങളിലേക്കു
നാടുകടത്തുമെന്നും.

Sunday, December 19, 2010

ഒറ്റപ്പെട്ട കവി

എനിക്കു കവിതയെഴുതാൻ
വാക്കുകളുടെ വലിയ പ്രപഞ്ചമോ
ബിംബങ്ങളുടെ ദുരൂഹസൌന്ദര്യമോ
ഒന്നും വേണ്ട.

സ്നേഹം
മഴ
പ്രതീക്ഷ
അത്ര മാത്രം മതി..

കവിതയുടെ
സുന്ദരമായ ഒരുടൽ
ഞാൻ വരച്ചെടുക്കും.

ചൊൽക്കാഴ്ചകളുടെ
ഘനഗംഭീരമായ സദസ്സുകളിൽ
സവിനയം
അതു മുൻനിരയിൽത്തന്നെ
വന്നിരിക്കും.

അർത്ഥമില്ലാത്ത
നെടുനീളൻ പ്രകടനങ്ങൾ കണ്ട്
അതിന്റെ പേലവമനസ്
നൊന്തു വിങ്ങും.

സദസ്സുവിടാൻ ഒരുങ്ങുന്ന
അതിനെ പിൻപറ്റി
അനുവാചകരാരും വരില്ല.
നീയും വരില്ല.

ചെറുതെങ്കിലും ക്രമബദ്ധമായ
കാൽവെയ്പ്പുകളോടെ
നിരത്തു മുറിച്ച്
വിശ്വാസമെന്നു പേരുള്ള
തെരുവിൽ
അത്
അപ്രത്യക്ഷമാകും

പെൺകടൽ

പെൺകടൽ അങ്ങനെയാണ്

കടൽക്കാക്കകൾക്കൊപ്പം
രഹസ്യങ്ങളിൽ നുരഞ്ഞ്
കാലക്ഷേപം ചെയ്തുകൊണ്ടിരിക്കും

ചില ഏകാന്തസന്ധ്യകളിൽ
കാൽപ്പനികതയിലേക്കൊന്നു പൂത്തിറങ്ങിയാലായി.
വിസ്മയിപ്പിക്കുന്ന ചില ചന്ദ്രോദയങ്ങളിൽ
പ്രണയകാവ്യങ്ങളിലേക്കൊന്ന്
ഒളിനോട്ടം നടത്തിയാലായി.

അത്ര തന്നെ.

തിരനോട്ടങ്ങളില്ലാതെ-
വൻകരകളുടെ സ്നേഹപ്പകർച്ചയ്ക്ക്
വശംവദമാകാതെ
അരൂപിയുടെ ആത്മാവിഷ്ക്കാരമായി
നിലകൊള്ളുകയാണ്
അതിന്റെ രീതി.

എന്നാലും
കറുപ്പുവെളുപ്പു ചിത്രങ്ങളുടെ കാലം
ഒരിക്കൽ അവസാനിക്കും.

വർണചിത്രങ്ങളൊപ്പുന്ന
പുത്തൻ ഛായാഗ്രഹണയന്ത്രവുമായി
പ്രണയാതുരനായ ഒരാൾ
അതിലേ വരും.

അയാളുടെ കരകൌശലത്തിന്റെ
സൂക്ഷ്മവ്യാപാരത്തിൽപ്പെട്ട്
ഒരായിരം ഉദയാസ്തമയചിത്രങ്ങളിലേക്ക്
പെൺകടൽ വിച്ഛിന്നമാകും.

പിന്നെ-
വ്രതഭംഗത്തിന്റെ
രക്തസ്നാതമായ നദികളിലൂടെ
അതു തിരിച്ചൊഴുകാൻ തുടങ്ങും.

Friday, June 4, 2010

എനിക്കു വേണ്ടത്‌

വീടു പൊളിച്ചുമാറ്റുമ്പോൾ
കിഴക്കോട്ടു തുറക്കുന്ന ആ വാതിൽ
നില നിർത്തണം.

വെള്ളകീറുംമുമ്പേ
അച്ഛനിറങ്ങിപ്പോയ വഴിയാണത്‌

തെക്കോട്ടെടുത്ത വാൽസല്യങ്ങളുടെ
ഓർമ്മയ്ക്ക്‌
ആ അറവാതിൽ പൊളിയ്ക്കരുത്‌

നമ്മെ നോക്കിച്ചിരിച്ച നിലക്കണ്ണാടിയും
കൗതുകങ്ങളുടെ കളിവണ്ടികൾ നിറഞ്ഞ
മച്ചിൻ പുറവും
വേണമെനിക്ക്‌..

വേണം, വേണം

തുലാവർഷം തുടംതോരാതെ
കോരിയ
സാന്ത്വനത്തിൻ നടുമുറ്റം

നേരിയ
നിലാപ്പൊന്തയിൽ
നമ്മെക്കാണാതായ പൂമുഖം,
നവരസമാളിയ അടുക്കള.

സ്വാതന്ത്ര്യമെന്നു നാം വിളിപ്പേരിട്ട
കിടപ്പുമുറി.


(ഡി.സി ബുക്സ്‌ പ്രസാധനം ചെയ്യുന്ന 'നാലാമിടം-ബ്ലോഗ്കവിതകൾ' എന്ന കവിതാസമാഹാരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അറിഞ്ഞു )

ഗതിമാറുന്ന നദി

ഗതി മാറുകയെന്നത്‌
നദികളെ സംബന്ധിച്ച്‌
ദുഷ്കരമായ ഒന്നാണ്‌

വർഷമായാലും
വേനലായാലും
വെറുതെ ഒഴുകുക എന്ന
സാധാരണതയിൽ നിന്ന്
തികച്ചും വ്യത്യസ്തം.

പുതിയ
നിമ്നോന്നതങ്ങൾ
കണ്ടെത്തണം

പുതിയ ആഴങ്ങളും
ചിന്തകളും
കണ്ടെത്തണം

പുതിയൊരു
കടൽ മുഖം വേണം

ഒന്നോർക്കണം
നദിയെന്നത്‌
ലളിതമായ
ഒരു പ്രക്രിയയല്ല

ഭൂപടങ്ങളിൽ കാണുമ്പോലെ
നീല നീലമായ
സാന്ത്വനമല്ല

കവികൾ വരച്ചിട്ട
വരവർണിനിയുമല്ല

അല്ലെങ്കിൽ
മറുകരയെത്താതെ
പോയവരോടു ചോദിയ്ക്കൂ

തിരിച്ചെടുക്കാനാവാത്ത
ഒരു വാക്കു പോലെ
അത്‌
എന്നെന്നേക്കുമായി
രേഖപ്പെടുത്തിയിരിക്കുന്നു

അനുവാചകരുടെ മുൻവിധി പോലെ
നിർവചിക്കപ്പെടുന്നെന്നു മാത്രം.

നദികൾക്കു
ഗതി മാറുകയെന്നതു
ദുഷ്കരമായ ഒന്നാണ്‌

സ്വീകാര്യതയാണു പ്രധാനം.

പുതിയ കുളിപ്പടവുകളിലെ
ലജ്ജയും
സംശയവുമൊക്കെ തീർന്നു വരാൻ സമയമെടുക്കും

അടിയൊഴുക്കുകൾ
അളന്നു തീരും വരെ
ഝഷകുലമോ
ജലപിശാചുക്കൾ പോലുമൊ
കടന്നു വരില്ല

എന്നാലും ചരിത്രത്തിന്റെ
ചില വിളികളിലേക്ക്‌ കാതു ചേർത്ത്‌
നദി ഗതിമാറിയൊഴുകിത്തുടങ്ങും.