Sunday, December 19, 2010

ഒറ്റപ്പെട്ട കവി

എനിക്കു കവിതയെഴുതാൻ
വാക്കുകളുടെ വലിയ പ്രപഞ്ചമോ
ബിംബങ്ങളുടെ ദുരൂഹസൌന്ദര്യമോ
ഒന്നും വേണ്ട.

സ്നേഹം
മഴ
പ്രതീക്ഷ
അത്ര മാത്രം മതി..

കവിതയുടെ
സുന്ദരമായ ഒരുടൽ
ഞാൻ വരച്ചെടുക്കും.

ചൊൽക്കാഴ്ചകളുടെ
ഘനഗംഭീരമായ സദസ്സുകളിൽ
സവിനയം
അതു മുൻനിരയിൽത്തന്നെ
വന്നിരിക്കും.

അർത്ഥമില്ലാത്ത
നെടുനീളൻ പ്രകടനങ്ങൾ കണ്ട്
അതിന്റെ പേലവമനസ്
നൊന്തു വിങ്ങും.

സദസ്സുവിടാൻ ഒരുങ്ങുന്ന
അതിനെ പിൻപറ്റി
അനുവാചകരാരും വരില്ല.
നീയും വരില്ല.

ചെറുതെങ്കിലും ക്രമബദ്ധമായ
കാൽവെയ്പ്പുകളോടെ
നിരത്തു മുറിച്ച്
വിശ്വാസമെന്നു പേരുള്ള
തെരുവിൽ
അത്
അപ്രത്യക്ഷമാകും

5 comments:

Ranjith chemmad / ചെമ്മാടൻ said...

മാഷിനെ വായിക്കുന്നത്/ഇവിടെ ആദ്യമായാണ്‌...
നന്ദി നല്ല കവിതകൾക്ക്

ശ്രീനാഥന്‍ said...

കവിതയുടെ എല്ലുറപ്പിന്റെ സ്വയം ബോധ്യം!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സ്നേഹം..മഴ..കവിതക്കിത്രയും മതിയെന്നും..

ഒരില വെറുതെ said...

വാക്കുകള്‍ വിട്ടുപോവില്ല, കവിതയുടെ ഈ ഒറ്റമരത്തെ. ഹൃദ്യമായ വായനാനുഭവം.

Radha said...

enthineyum kulirppikkunna sneham, manassum prakruthiyum thanukkunna mazha, nallathinulla pratheeksha ithil ninnellam ulla vakkukal kaviyude manassil ninnu varumbol athoru kavitha mathram alla mruduvaya oru thalodal pole hrudyamavum. Khana gambiramaya vakkukalkku avide artham nashtamakunnu.
Nalloru kavita.