സമർപ്പണം: ഉപയോഗം കുറഞ്ഞ് അനുദിനം മരിക്കുന്ന അമ്മ മലയാളത്തിന്)
അക്ഷരപ്പിച്ച വച്ച ആദ്യനാൾ തന്നെ
'അ' എന്ന കിനാവള്ളി
കണ്ടു പേടിച്ചു കരഞ്ഞു
പിന്നെ..
അമ്മ
അമ്മിഞ്ഞ
അമ്പിളിക്കലയിലൂടൂർന്ന്
കൗതുകത്തിന്റെ തിരനോട്ടം
പൊന്നുണ്ണിയുടെ തിടമ്പേറി
'ആ'യുടെ ഗജമസ്തകം
ആലവട്ടപ്പെരുമ
ഇല
ഈച്ച
ഉരൽ
ഊഞ്ഞാലിലാടുമ്പോഴേക്കും
വിരലിൽ വരമൊഴിയുടെ
വഴക്കം
അക്ഷരത്തെറ്റില്ലാതെ അച്ഛനെഴുതിയ ആദ്യ കത്ത്
കവിതയുടെ ആദ്യ വല്ലരി
ഇടപ്പള്ളിയെ സന്നിവേശിപ്പിച്ച ആദ്യത്തെ പ്രണയ ലേഖനം
അമ്മയ്ക്കെഴുതിയ തോരാമഴക്കത്തുകൾ
നിലാവിൽ ജീവൻ വയ്ക്കുന്ന ഒരോർമ്മക്കുറിപ്പ്
പരിഭവത്തിന്റെ നിറമഞ്ഞ...
ഒക്കെ
ഒടുക്കം
സംജ്ഞകളുടെയും
ചുരുക്കെഴുത്തുകളുടെയും
മുട്ട വിരിയുന്ന
ദിനോസർ ഗ്രാമങ്ങളിൽ
വിസ്മൃതമായേക്കാമെന്ന്
ഞാൻ പേടിച്ചു.
No comments:
Post a Comment