Saturday, June 4, 2011

കൈത്തൊഴിലുകൾ

ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നതു നല്ലതാണ്.

നടുപ്പാതിരയ്ക്ക്
പിഞ്ഞിപ്പോയ മേൽവസ്ത്രവുമായൊരുവൾ
പൂമുഖവാതിൽ തള്ളിത്തുറന്ന്
ഉപചാരത്തിനോ
അനുവാദത്തിനോ
സമയം കളയാതെ
പരോശപ്പെട്ടു കടന്നുവന്നെന്നിരിക്കും.

മറ്റുചില സന്ദിഗ്ദ്ധഘട്ടങ്ങളിൽ
പാതിവെന്ത മുഖമുള്ളൊരു
ചാരുകവിത
നഗ്നയായോടിക്കിതച്ച്
എന്റെ പേരുവിളിച്ച്
പേർത്തും പേർത്തും കരഞ്ഞ്
കിടപ്പുമുറിയിലോ സ്വാസ്ഥ്യത്തിലേക്കു തന്നെയോ
വന്നുവീണെന്നിരിക്കും.

പ്രാചീനമുഖമുള്ള ചില സന്ധ്യകളിൽ
കാവേരി കടന്ന്
ഒറ്റപ്പൊൻചിലമ്പിട്ടൊരു വസൂരിമാല-
യുറഞ്ഞു വന്നെന്നിരിക്കും.

സഹശയനോദ്യുക്തയായി
ത്രികാലങ്ങളുടെ വാതിൽ ചാരി-
യവൾ കാഴ്ച മറച്ചെന്നുമിരിക്കും.

ഏതു പൗരുഷവും സ്തബ്ധമായ് പോകുന്ന
ഈവിധ വേളകളിൽ
ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കരുണയോടെ നൂറ്റ പരുത്തിനൂൽ കൊണ്ട്
ഹൃദയം ചേർത്തൊന്നു തുന്നിക്കൊടുക്കാൻ

തൊടിയിൽ നിന്നിറ്റ് കുഴമണ്ണെടുത്തൊരു
പാതിമുഖരൂപം ചമയിച്ചെടുക്കാൻ

വിസ്മൃതമായൊരു പൂത്താലിത്തിളക്കത്തെ-
യുമിയടുപ്പൂതിയൂതി തെളുതെളെ വിളക്കാൻ

ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നത് നല്ലതു തന്നെയാണ്.

2 comments:

തൂവലാൻ said...

എനിക്ക് ഈ വക കൈത്തൊഴിലുകൾ പരിചയമില്ലാ..

SAJAN S said...

കരുണയോടെ നൂറ്റ പരുത്തിനൂൽ കൊണ്ട്
ഹൃദയം ചേർത്തൊന്നു തുന്നിക്കൊടുക്കാൻ...
................................
ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നത് നല്ലതു തന്നെയാണ്.