Monday, June 6, 2011

വീടുപോയ വഴി

പണ്ടൊക്കെ വീടുകൾ

ഓർമകൾ കണക്കെ-
യടുക്കി വയ്ക്കാതെ
നദിയിലേക്കു തുറന്നും
മഴ നോക്കിനിന്നും

വേനലുച്ചകൾക്ക്
കുടിനീരൊഴിച്ചും കടുമാങ്ങ പകർന്നും
അടക്കം പറഞ്ഞും
അയൽവഴക്കുകൂടിയും
ആകാശനീലത്തെ
യടുത്തുമ്മ വച്ചും

തീരാത്ത കൗതുകക്കെട്ടുകളഴിച്ചിട്ട്
കൂൺ പോലെ
കുട പോലെ
നിരനിര നിന്നവർ.

ചാഞ്ഞും ചരിഞ്ഞും
നാട്ടിടവഴിയിലൊട്ടെത്തിനോക്കിയും
നുണ കൊറിച്ചും
നിന്നവർ.

നിലാപ്പൊന്തയിലലിഞ്ഞ്
രാവുതിരുവോളം
വെള്ളിനൂൽ നൂറ്റവർ.

ഉദയരവിയോടൊത്തു വിളക്കുപകർന്നവർ.

വഴിക്കണ്ണുചാരാതെ
പടിയടക്കാതെ
പറഞ്ഞും കരഞ്ഞും
പരിഭവം പുണർന്നും
'മഷി കൂടിയോ'യെന്നു കൺകോണെറിഞ്ഞും

നിലയെഴാ സ്നേഹത്തിനക്കരെയിക്കരെ-
യൊരുപാടുകാലം നിലപാടുകൊണ്ടവർ.

ഇന്ന്

ചതുരങ്ങൾ
അർദ്ധവൃത്തങ്ങൾ
സ്തൂപികകൾ എന്നിങ്ങനെ
ക്ഷേത്രഗണിതപ്രധാനമായ സൂചകങ്ങൾ കൊണ്ട്
കൃത്യമായടയാളപ്പെടുത്തി

ഇരുപതു ഡിഗ്രിയൂഷ്മാവില-
ടക്കം ചെയ്ത ദീർഘനിശ്ശബ്ദത.

വീടെവിടെപ്പോയിരിക്കും ?

15 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പദങ്ങള്‍ മനോഹരമായി വിളക്കിച്ചേര്‍ത്ത വരികള്‍ വളരെ നന്നായിരിക്കുന്നു.

Anurag said...

വീടെവിടെപ്പോയിരിക്കും ?

- സോണി - said...

വീടിനെക്കുറിച്ച് ചോദ്യങ്ങള്‍, ആശങ്കകള്‍... നന്നായി. നാടിന്റെയും നാട്ടുമാവിന്റെയും മണമുള്ള നമ്മുടെ പഴയ വീടുകള്‍ ഉണര്‍ത്തുന്ന ഗൃഹാതുരത്വം ഇപ്പോഴുള്ള എ.സി. വീടുകള്‍ നല്‍കുമോ?
(Please remove word verification from comments)

അനാമിക പറയുന്നത് said...

കുന്നിനെക്കൊന്നു പാടത്തടക്കി പണിയുന്നു നമ്മള്‍ കല്ലറകള്‍! വീടുകള്‍ പണ്ടേ ചത്തടിഞ്ഞില്ലേ? നല്ല കവിതയാണ്‌ട്ടോ............

ഇലഞ്ഞിപൂക്കള്‍ said...

നല്ല കവിത..

ഇലഞ്ഞിപൂക്കള്‍ said...
This comment has been removed by the author.
SAJAN S said...

ഇരുപതു ഡിഗ്രിയൂഷ്മാവില-
ടക്കം ചെയ്ത ദീർഘനിശ്ശബ്ദത.

അതിനുള്ളിലെ വീര്‍പ്പുമുട്ടല്‍ സഹിക്കാനാവുന്നില്ല പലപ്പോഴും, പക്ഷെ പരാതി പറഞ്ഞിട്ട് എന്തുകാര്യം?
കവിത വളരെ നന്നായി. നന്ദി, ആശംസകള്‍

Jasy kasiM said...

ജീവനില്ലാത്ത ഈ
ചുമരുകൾക്കുള്ളിൽ,
രാവറിയാതെ,പകലറിയാതെ,
ഞാനാരെന്നറിയാതെ..
..എവിടെയാണ് എന്റെയാ വീട്!!

കവിത ഇഷ്ടപ്പെട്ടു.

Yasmin NK said...

ശരിയാണു. എവിടെയൊ പോയി.

ഒരില വെറുതെ said...

ഓര്‍ക്കാറുണ്ട്, നാട്ടുവഴികള്‍
ഇടക്ക് ഓര്‍മ്മയില്‍ വരുമ്പോള്‍.
പഴയ വീടിന്റെ തുറന്നു വെച്ച വാതിലിലൂടെ
ജീവിതം നടന്നു വരുന്നതിന്റെ
നിഴലൊച്ച മനസ്സില്‍ വരുമ്പോള്‍.
എവിടെ പോയി നമ്മുടെ വീടെന്ന്.
ഈ വരികള്‍ പൂരിപ്പിക്കുന്നു,
ഉള്ളിലെ ആ നിശബ്തകളെ.

ശ്രീജ എന്‍ എസ് said...

നമ്മളും ജീവിതവും മാറി..അപ്പോള്‍ വീടുകളും മാറി..നല്ല കവിത

മാധവൻ said...

നിലാപൊന്തയിലലിഞ് വെള്ളിനൂല്‍ നൂറ്റിരുന്ന വീടുകള്‍ കണ്ടു,മറവിയിലെവിടെയൊ കളഞുപൊയവ കാട്ടിത്തന്ന കവിതക്ക്,വ്യത്യസ്തമായ കവിതകളുടെ തുടര്‍ച്ചക്ക് എല്ലാ നന്മകളുമാശംസിക്കുന്നു.

SASIKUMAR said...

നന്ദി !! ആറങ്ങോട്ടുകര മുഹമ്മദ്‌,അനുരാഗ്‌,സോണി,അനാമിക,ഇലഞ്ഞിപ്പൂക്കൾ,സാജൻ,ജാസി കാസ്സിം,മുല്ല,ഒരില,ശ്രീദേവി,വഴിമരങ്ങൾ എനിക്കൊപ്പം വീടു തിരഞ്ഞതിന്‌.

ഒപ്പം ഭാഷയെ അളവില്ലാതെ പുണരുന്നതിനും, മരിയ്ക്കാൻ വിടാത്തതിനും.

ജയരാജ്‌മുരുക്കുംപുഴ said...

valare nannnayittundu...... aashamsakal.........

നികു കേച്ചേരി said...

തിരിച്ചറിവുകൾ...