ഉറക്കത്തിൽ മരിച്ചുപോയ
ഉറ്റസുഹൃത്തിന്റെ
മുഖം കാണുകയായിരുന്നു ഞാൻ.
പ്രശാന്തിയുടെ ജലമുഖത്തെ-
യുടയാതെ കോരിയെടുക്കുന്ന
കൈക്കുമ്പിൾ കണക്കെ,
അതെത്ര ദീപ്തം.
സ്തോഭലേശമില്ലാതെ
വഴിഞ്ഞ്
പ്രാർത്ഥനയുടെ പരൽരൂപം പോലെ.
'വിശദമായി പിന്നെപ്പറയാമെ'ന്ന
പതിവു വാചകം
പുഞ്ചിരിവരകളിൽ കൊരുത്തിട്ട്, അവൻ.
അടുക്കും
ഉപചാരങ്ങളും കഴിഞ്ഞ്
അവനെപ്പിരിഞ്ഞിറങ്ങുമ്പോൾ
അത്ഭുതമെന്നെ വിട്ടുപോയിരുന്നില്ല.
ആളൊഴിഞ്ഞൊറ്റയ്ക്കായപ്പോൾ
ഞാൻ ദൈവത്തോടു ചോദിച്ചു.
കടങ്ങളും
തിരിച്ചടവും
കവിതയും
നിരന്തരം കാവൽ നിൽക്കുമായിരുന്ന
അവന്റെ വാതിലുകൾ
തുറക്കാതെ,
അവിടുന്നെങ്ങനെ-
യാണകത്തുകടന്നത് ?
ശമനവേദത്തിലെ-
യേതുദ്ധരണി വീശിക്കൊണ്ടാണ്
നീയവനെയണച്ചുകളഞ്ഞത് ?
വിളിച്ചിറക്കും മുമ്പ്
ഒപ്പു വച്ചിട്ടുള്ള
ആ ഉടമ്പടിയുടെ കാതലെന്തായിരിക്കും ?
4 comments:
കവിതയുടെ കൈക്കുമ്പിളിൽ ഉടയാതെടുത്തു മറക്കാനാവാത്ത ഒരു മുഖം, വിശദമാക്കാനാകാത്ത ഒന്ന്.
Nice
Best wishes
കൊള്ളാം നന്നായിട്ടുണ്ട്
ഒപ്പുവെക്കപ്പെട്ട ഉടമ്പടിയില്‍ ശാന്തിയുടെ വെളുത്ത ലില്ലിപൂക്കള്‍ നിറഞ്ഞ ഒരു താഴ്വാരമെങ്കിലും അയാള്ക്കായുണ്ടാകുമായിരിക്കും.
ശശികുമാര്‍..കവിത വളരെ ഇഷ്ട്പ്പെട്ടു
Post a Comment