ശ്വാസധാര വിങ്ങി
അസ്വസ്ഥനായ മുത്തച്ഛനോട്
ദൈവം പറഞ്ഞു.
'കാറ്റുവിതച്ചിരുന്നവനെ
എനിയ്ക്കോർമയുണ്ട്.
ഇനി നീ
കൊടുങ്കാറ്റുകളുടെ ഇരിപ്പിടം
കാണുക.'
ബോധത്തിന്റെ ചെറുമേഘങ്ങളെ
കൂട്ടിലേക്ക് തിരിച്ചയച്ച്
ആകാശം പറഞ്ഞു.
'ഒരിക്കൽ എന്നോടൊപ്പം
വളർന്നു പൊങ്ങിയവനല്ലേ?
അന്നു മറന്നു വച്ച
കിരീടമിതു കാണുക.'
അനന്തരം
അഗ്നിമുഖനായ പകൽ
അയാളെ സ്ഫുടം ചെയ്തെടുത്തു.
മഴത്തളിരുകൾ പൊഴിയുന്ന
നീർമാതളച്ചോട്ടിൽ
മണ്ണ്
വിവസ്ത്രയായ് കാത്തുകിടന്നു.
പതിവുപോലെ ജലത്തിനു മാത്രം
ഉരിയാട്ടമില്ല.
ഞാൻ നോക്കുമ്പോൾ
നാവിൽ നിന്നടർന്ന്
തൊണ്ടയിലേക്കെങ്ങനെയെത്തുമെന്ന്
ചിന്തിച്ചു വിയർക്കയാണ്, ഭാഗീരഥി.
4 comments:
ഗംഗ എല്ലാം ശമിപ്പിക്കട്ടേ, മുത്തച്ഛന് സ്വസ്തി. ഇഷ്ടമായി.
കൊള്ളാം ഇഷ്ട്ടപ്പെട്ടു
മരണത്തിന്റെ തണുപ്പല്ല ഇത്.
പൊള്ളിക്കുന്ന എന്തോ ഒന്ന്.
മരണത്തിന്റെ ഗ്രീന്റൂമില്‍
ജലമായും ശ്വാസമായും എന്തോ.
പൊള്ളുന്നൊരു കിരീടം.
ചിന്തിച്ചു വിയർക്കയാണ്
Post a Comment