Saturday, October 1, 2011

ഗാന്ധിനിലാവ്

വെള്ളനൂൽ നൂറ്റ്
തൊണ്ണുകാട്ടിച്ചിരിച്ച്
മണ്ണിലിഴിയും നിലാവിനെ നോക്കി
മുത്തശ്ശി പറഞ്ഞു.
"ഗാന്ധിയെപ്പോലുണ്ട്."

മൂക്കുകണ്ണട ലേശം താഴ്ത്തി
കിനാക്കണ്ട്
നഗ്നമാർവിടത്തെ-
യലസം പുതപ്പിച്ച്
ദ്രുതഗമനം നടത്തുമൊരു നിഴലൊരുവേള
കണ്ടുവോ ഞാനും?

തൊഴുകൈകളോടൊരു പുരുഷാരം
പിൻപറ്റി വരുന്നുണ്ടെന്നും തോന്നി.

അതിശീഘ്രം
തിരിയും ചർക്കയിൽ
നിസ്വഗ്രാമങ്ങൾ ചേർത്ത
പരുത്തിക്കഴികൾ മെല്ലെ-
ക്കടയുന്നെന്നും തോന്നി.

പുരുഷാർത്ഥങ്ങൾ രണ്ടുചുവടാല-
ള'ന്നിനിയെവിടെയെന്നു'
ശാന്തം
ഹരിയോടാരാഞ്ഞിട്ട്

ഞങ്ങൾക്കു മുന്നിൽ
തെല്ലകലത്തവിടുന്നു
ധ്യാനനിഷ്ഠനെപ്പോൽ കൂമ്പി
മെല്ലെയൊന്നമരുമ്പോൾ

ആരുമേകാണുന്നീല

വാനിലമ്പിളിത്തെല്ലിൻ
മുന്നിലേക്കെത്തും രാഹു !

ചോരവീണുവോ മണ്ണിൽ.

അഗ്നിപീഠത്തിൽ നിന്നു
മുക്തമായ് പറക്കുന്ന
കുഞ്ഞുപ്രാർത്ഥന മാത്രം ഞങ്ങൾ കേൾക്കുന്നൂ.

'ഹേ ! റാം'

3 comments:

ശ്രീനാഥന്‍ said...

ഗാന്ധിയെ, നിഷ്ക്കളങ്കതയാൽ, നിലാവിനാൽ, ചർക്കയാൽ ... നിസ്വഗ്രാമങ്ങളാൽ, ഗോഡ്സേയാലൊക്കെ ഓർത്തു പ്രാർത്ഥനയാവുന്ന ഈ കവിത ഇഷ്ടമായി.

SASIKUMAR said...

ശ്രീനാഥൻ, നന്ദിയുണ്ട്‌.കവിതയിൽക്കടന്നു ചെയ്യുന്ന ഈ വിഘടനവൃത്തികൾക്ക്‌.

പൊട്ടന്‍ said...

ഗംഭീരമായി
വരികളും താളവും