കുളപ്പടവുകളിലേക്കു തിരിയുന്നേരത്താണ്,
കാലിലെന്തോ തൊട്ടത്.
തിടുക്കത്തിൽ വീട്ടിലെത്തി
റാന്തലിന്റെ ബോധത്തിൽ നോക്കുമ്പോളുണ്ട്,
നീലിച്ച രണ്ടു വിരാമചിഹ്നങ്ങൾ
കണങ്കാലിൽ പറ്റിച്ചേർന്നിരിക്കുന്നു.
ജീവിതത്തിലേക്ക് നോക്കിപ്പേടിപ്പിച്ച്.
കോൾവായ്ക്ക് രണ്ടിഞ്ചുമുകളിൽ
മുറുക്കിക്കെട്ടി ചോരവാർത്തിട്ടും
ഒഴിഞ്ഞുപോകുന്നില്ല വേവലാതിയുടെ പെരുമഴ.
ഹൃദയത്തിലേക്കിടയ്ക്കിടെ ചൂട്ടുവീശി
മിന്നലിന്റെ കൊടിമരം.
ഇടംകണ്ണിലേക്ക് വിളക്കുതെളിച്ചുനോക്കി
നാഡിയുഴിഞ്ഞ്
നാട്ടുവൈദ്യനൊടുക്കം പറഞ്ഞു.
'ആദ്യപ്രണയത്തിന്റെ ദംശനമാണ്.
മരുന്നില്ലാത്ത ഇതിന്റെ ജ്വരസന്ധികളിൽപ്പെട്ട്
താങ്കളൊരു പക്ഷേ നഷ്ടപ്പെട്ടു പോയേക്കാം.'
ആശയറ്റ്
തിരിച്ചുനടക്കവെ കാണുന്നുണ്ട്.
ഗഗനനിശ്ശബ്ദതയിൽ നിന്നുൽപ്പതിച്ചൊരു
മഞ്ഞൾക്കല
മുറിവുകളുടെ പുഷ്കരിണിയിലേക്ക്
സ്വയംതൂകിപ്പരക്കുന്ന ദൃശ്യം.
5 comments:
വളരെ നന്നായിരിക്കുന്നു,
നന്നായിരിക്കുന്നു എഴുത്ത്.
നന്മകള്‍.
ദേ ഇന്നിപ്പോ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ പാമ്പ് കടിച്ചതെ ഉള്ളൂ...
എന്നെ വെറുതെ പേടിപ്പിക്കല്ലേ... :s
പ്രണയം ഒരു വല്ലാത്ത ദംശനം തന്നെയാണ്. മഞ്ഞൾനിലാവിന്റെ ലേപനം വളരെ ഇഷ്ടമായി.
ഇഷ്ടായി..ഇനിയും വരാം
നല്ല കവിതയാണ്.
ആശയത്തിന് 'കരളിലൊരു ദംശനം ' എന്നല്ലേ വേണ്ടിയിരുന്നതെന്നൊരു സംശയം.
Post a Comment