Sunday, November 20, 2011

കവിതയുടെ നാൾവഴി

കല്ലച്ചിൽ വാർത്തെടുത്തൊരു
വിപ്ലവകവിതയുമായി
പുഴകടക്കുമ്പോഴാണ്‌
കവിയ്ക്ക്‌ വെടിയേറ്റത്‌.

കവി നിശ്ചലനായിട്ടും
കവിത മരിച്ചില്ല.

പിടഞ്ഞ്‌ പിടഞ്ഞ്‌
പുഴയുടെ ആത്മഹർഷത്തിലേക്ക്‌ വീണ്‌
അതപ്രത്യക്ഷമായി.

വിപ്ലവാനന്തരം പുഴയോരത്ത്‌
കവിയുടെ സ്മാരകം തുറക്കുന്ന വേളയിലാണ്‌
വീണ്ടുമതിനെക്കാണുന്നത്‌.

അവശിഷ്ടപ്രവാഹത്തിലെ
ദുർലഭസ്ഫടികത്തിലൊന്നിൽ
പാടിയും പറഞ്ഞും കോതിയും മെടഞ്ഞും
അതങ്ങനെതന്നെ.

ഝഷകുലത്തോടൊത്തുള്ള
ഒളിച്ചിരുപ്പിനാലാകണം
സംശയത്തിന്റെ കരിമഷി
ലേശം പടർന്നുപോയെന്നു മാത്രം.

3 comments:

പൊട്ടന്‍ said...

അസ്സലായി
കവിയുടെ സ്മാരകത്തിനു കുഴിച്ചപ്പോള്‍ കണ്ടെടുത്ത മരിക്കാത്ത കവിത

ശ്രീനാഥന്‍ said...

അവശിഷ്ടപ്രവാഹത്തിലെ ... സംശയത്തിന്റെ കരിമഷി.... നിശ്ചലപ്പെടാതിരിക്കാൻ കവിതയുടെ കരുതൽ കൃത്യമായി പറഞ്ഞു. കവി ഒന്നുകിൽ വിപ്ലവകാലത്ത്, അല്ലെങ്കിൽ വിപ്ലവാനന്തരം വെടിയേറ്റു മരിക്കുമെങ്കിലും കവിത പ്രവാഹം നിലനിർത്തുന്നതിനുള്ള നീരുറവ തന്നെയായി തുടരും. നന്നായി ഈ കവിത.

SASIKUMAR said...

ശ്രീനാഥന്‍,പൊട്ടന്‍ നിറഞ്ഞ നന്ദി, വരവിനും പറച്ചിലിനും.