Monday, November 28, 2011

ആവശ്യമുണ്ട്

കരുണാർദ്രമായ ചിലതിന്റെ
ചിത്രങ്ങൾ വേണമായിരുന്നു.

നഗരഹാളിൽ,
നഷ്ടപ്പെട്ടവയെക്കുറിച്ചു നടക്കുന്ന
പ്രദർശനത്തിലേക്കാണ്.

കറുപ്പുവെളുപ്പിൽ മിഴിഞ്ഞതോ
നിറം തീരെപ്പൊഴിഞ്ഞതോ
ആയാലും സാരമില്ല.

വ്യാകുലപ്പെടുന്നൊരു മിനുക്കം മതി നമുക്ക്.

മഴയിൽ തീരെയലിഞ്ഞതോ
മൌനത്തിൽ പൊലിഞ്ഞതോ
ആകട്ടെ, സാരമില്ല.

പിടഞ്ഞമരുന്നൊരു നടുക്കം മതി നമുക്ക്.

മനസ്സിൽ നിന്നെങ്ങാനും
തിടുക്കത്തിലടർത്തുമ്പോൾ
അരികുകൾ പൊട്ടി-
ച്ചോര വാർന്നതായാലും മതി.

അതല്ല,
കിനാക്കളിലെത്തി നോക്കവേ
നമ്മളിടംകൈച്ചുരികയ്ക്കു്
മുറിച്ചതായാലും മതി.

വേണം,
കരുണാർദ്രമായ ചിലതിന്റെ ചിത്രങ്ങൾ.

നഷ്ടപ്പെട്ടവയെക്കുറിച്ചുള്ളൊരു
പ്രദർശനത്തിലേക്കാണ്.

7 comments:

Kalavallabhan said...

ഞാൻ കരുതി ഏതോ ടീ വി ചാനൽ തുടങ്ങുവാൻ പ്ലാനുണ്ടെന്ന്..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കവിത.സങ്കടപ്പെടുത്തുന്ന വരികള്‍ ..വര്‍ത്തമാനകാലത്തെ നോക്കിയുള്ള ഗദ്ഗദങ്ങള്‍ ..

ശ്രീനാഥന്‍ said...

ഈ കവിത രണ്ടു വിരുദ്ധവീക്ഷണങ്ങളിൽ വായിച്ചു പോയി. ഒന്ന് കടുത്ത പരിഹാസത്തിന്റേയും ഒന്ന് അടക്കിപ്പിടിച്ച കരച്ചിലിന്റേയും.

Satheesan OP said...

വരികള്‍ ഇഷ്ടായി ..

Fousia R said...

നഷ്ടപ്പെട്ടതിന്റെ പ്രദര്‍ശനത്തില്‍...

SASIKUMAR said...

വരവിനും വായനയ്ക്കും നന്ദി, ശ്രീനാഥന്‍,ഫൌസിയ,മുഹമ്മദ്‌,സതീഷ്‌.

ശരിയാണ്‌ ശ്രീനാഥന്‍ കണ്ണീര്‍ച്ചിരി തന്നെയായിരുന്നു മനസ്സില്‍.

മാധവൻ said...

ഉണ്ട്,ചില ചിത്രങ്ങള്‍, മനസില്‍ നിന്നും
തിടുക്കത്തിലടര്‍ത്തുമ്പോള്‍ അരികു പൊട്ടി-
ച്ചോര വാര്‍ന്നവ...
കവിത വളരെ ഇഷ്ടമായി ശശികുമാര്‍