Sunday, December 11, 2011

ജപ്തി

ജപ്തി ചെയ്യാന്‍ വന്നവരോട്‌
കട്ടിലുകള്‍ പറയുകയാണ്‌.

"നിദ്രയുടെ കണക്കുകള്‍ കൂടിയെടുത്തോണം.
എത്രയാഴത്തിലെത്ര
നിലയിലെത്ര
യടുക്കുകളിലെന്ന് മറക്കാതെ കുറിയ്ക്കണം"

കസേരകളും പറയുന്നുണ്ട്‌ ചിലതൊക്കെ.

" കാത്തിരുന്ന നിമിഷങ്ങളെപ്പറ്റി
ചില വിവരങ്ങളൊക്കെ വേണം.
കൂട്ടിരുന്ന പകലിന്റെ-
യേതു മരത്തില്‍
ഏതു ചില്ലയില്‍
ഏതിലയിലെന്നു ഹൃദയം തൊട്ടെഴുതണം".


ഇരുള്‍ച്ചുവരുകള്‍ക്കകത്ത്‌
നിറഞ്ഞും കിലുങ്ങിയും നിന്ന്
തുളുമ്പുന്നുണ്ട്‌
ചില ജംഗമങ്ങള്‍.

" എത്ര കിണര്‍ തേകിയെന്ന്
എത്ര കടല്‍ കുടിച്ചെന്ന്
ഏതു കിനാച്ചെടികള്‍ക്കെത്രനേരം പകര്‍ന്നെന്ന്
വിശദമായിട്ടെഴുതണേ".

ജപ്തി ചെയ്യുന്നവര്‍ വന്ന്
വീടകങ്ങളഴിച്ചിട്ട്‌
മുറ്റത്തടുക്കി മടങ്ങിയിട്ടും
മുറികള്‍ പിന്നെയും നിറഞ്ഞുതന്നെ.

ചുമലില്‍ ചേര്‍ത്തുപിടിച്ചും
വിരല്‍തൊട്ടു ഞെരിച്ചും
മുട്ടിയുമുരുമ്മിയും
നിറകണ്ണാല്‍ കൊളുത്തിയും
മുറികളങ്ങനെ നിറഞ്ഞുതന്നെ.

6 comments:

പൊട്ടന്‍ said...

അസ്സലായി. സ്ഥാവരജംഗമ വസ്തുക്കളിലൂടെയുള്ള ജപ്തി പറച്ചില്.

മനോജ് കെ.ഭാസ്കര്‍ said...

നന്നായിട്ടുണ്ട്......

മാധവൻ said...

ചില ചിരിചിന്തുകള്‍ , ഒരുപാടു കണ്ണുനീര്‍ സ്മരണകള്‍ അങ്ങനെ പലതുമായി
മുറികള്‍ നിറഞ്ഞുതന്നെയിരിക്കും, വീടിനെ കാലം ജപ്തിചെയ്തെടുത്താലും.

കവിത വളരെ ഇഷ്ടമായി ശശികുമാര്‍

ശ്രീനാഥന്‍ said...

എത്ര ജപ്തി ചെയ്താലും തീരാത്താവ തന്നെ. കൌതുകകരമായി വരികൾ!

SASIKUMAR said...

പൊട്ടന്‍,മനോജ്‌ ഭാസ്കര്‍,വഴിമരങ്ങള്‍,ശ്രീനാഥന്‍ കവിതയ്ക്കിടയിലുള്ള ഈ സഹവാസത്തിന്‌ നന്ദി.

ഭാനു കളരിക്കല്‍ said...

ഗംഭീരമായി ഈ ഭാവന.