Wednesday, January 8, 2014

ജീവന്റെ തെളിവുകൾ




(തെളിവാർന്ന പുതുവർഷം നേർന്നുകൊണ്ട്)

ജീവിച്ചതിന്
കുറെ തെളിവുകൾ
ഹാജരാക്കേണ്ടി വന്നു.

നടന്നവഴികൾ
വായിച്ചറിഞ്ഞവർ
നനഞ്ഞമഴകൾ

പ്രതീക്ഷയോടെയാണ്
ഓരോരുത്തരെയും
സമീപിച്ചത്.

നടന്നുപോയതിനും
ചുമടിറക്കി വച്ചി‌,
ളവേറ്റതിനും
സാക്ഷികളുണ്ട്.

അക്ഷരസ്നാനപ്പെട്ടതിനും
അടിവരയിട്ട്,
അർത്ഥം കൊണ്ടതിനും
രേഖകളുണ്ട്.

ഒറ്റക്കുടയിലലിഞ്ഞതിനും
കുളിർകോരിനിന്ന്,
മഴപ്പൂവിറുത്തതിനും
അടയാളങ്ങളേറെയുണ്ട്.

എന്നാലും,
ജീവിച്ചതിനു മാത്രം
തെളിവുകൾ തീരെയില്ല.

അവസാനം,
സാക്ഷികളുടെയും
തെളിവിന്റെയു-
മഭാവത്തിൽ

കേസു തള്ളുമെന്നായപ്പോൾ

തെളിഞ്ഞുവരുന്നുണ്ടല്ലോ
കവിതയുടെ കരതലാമലകം.

അതിലെമ്പാടുമെഴുതി വച്ചിട്ടുണ്ട്,
ജീവന്റെയവസാനിക്കാത്ത ചവർപ്പും
പിൻപറ്റിയിറ്റു മധുരവും.

5 comments:

സൗഗന്ധികം said...

വളരെ നല്ലൊരു കവിത.ക്ലൈമാക്സ് ഒത്തിരിയിഷ്ടമായി.

പുതുവത്സരാശംസകൾ....

ബൈജു മണിയങ്കാല said...

ജീവന്റെ ജീവിച്ചിരിക്കുന്ന തെളിവ് കവിത തന്നെ കടഞ്ഞെടുത്തു വാക്കുകൾ കൊണ്ട് അവസാനം ഒറ്റക്കുടയിലലിഞ്ഞതിനും
കുളിർകോരിനിന്ന്,
മഴപ്പൂവിറുത്തതിനും
അടയാളങ്ങളേറെയുണ്ട്.
ഈ വരികൾ കവിത കുടിച്ചു മത്തായത് ഏറെ ഇഷ്ടം

ajith said...

ചവര്‍പ്പിനൊടുക്കം മധുരം

മാധവൻ said...

എനിക്ക് ഭയമാണ്, കവിതയില്‍ വീണ് മരിച്ചവരെയോര്‍ത്ത് .

ഭാനു കളരിക്കല്‍ said...

കവിത, ജീവിച്ചിരുന്നതിന്റെ നേർ രേഖ തന്നെ.