Friday, April 1, 2011

അടയാളങ്ങൾ

ഇതാ ഇവിടെയൊരു നദിയുണ്ടായിരുന്നു
ഈ ഞെട്ടിൽ ഒരു പൂവുണ്ടായിരുന്നതു പോലെ.

ഒരക്കരെയും ഒരിക്കരെയുമുണ്ടായിരുന്നു
പത്രകിരീടവും
ശലഭധ്യാനവും പോലെ.

ഒരിക്കൽ
വൃഷ്ടിഭംഗം വന്ന മനസ്സുകളിൽ നിന്ന്
നദി പിൻവാങ്ങി,
വീണപൂവിനെപ്പോലെ.

പതുക്കെ-
ഭൂപടങ്ങളിൽ നിന്ന്
അവളുടെ സുനീലമായ സ്നേഹവരകൾ
എഡിറ്റ് ചെയ്യപ്പെട്ടു.

നദി തിരോഭവിച്ചെങ്കിലും
പൂവിനൊരു ഭാഗ്യമുണ്ടായി.

സസ്യശാസ്ത്രപ്പരീക്ഷയിലെ
ഉത്തരക്കടലാസ്സുകളിൽ
നെടുകെ ഛേദിച്ച ഒരുടലായ്
പുനർജ്ജനിക്കാനും

ഇതൾ
കേസരം
പ്രണയനാളം

എന്നിങ്ങനെ
അടയാളം കൊള്ളാനും.

1 comment:

ഒരില വെറുതെ said...

പുഴക്കുമുണ്ടായി ഒരിടം.
അക്വേറിയം.
മാറ്റാതെ വെച്ചഴുകിയ
ഇത്തിരിപുഴയില്‍
കളിച്ചുതിമിര്‍ക്കുന്നു
മീന്‍പാവകള്‍...