Saturday, May 7, 2011

മൊഴി

ആത്മകഥാപരമായ ചിലതൊക്കെ
എഴുതിത്തുടങ്ങുമ്പോൾ
വളർത്തുപൂച്ചയുടെ മെരുക്കത്തോടെ
പറ്റിച്ചേർന്നിരുന്ന്
'ഞാൻ ഞാനെന്നു'
കുറുകാറുള്ള അയാളെ എനിക്കറിയാം.

എന്റെ ഹൃദയം സ്ഥിതി ചെയ്യുന്ന
അതേ അക്ഷാംശരേഖാംശങ്ങളിൽത്തന്നെ
അയാൾക്കും ഒരു വീടുണ്ട്.

ഒഴുകിത്തീരാൻ മടിച്ചിരുന്ന
ചില അസ്തമയങ്ങളിലെ
കടൽത്തീരയാത്രകളിൽ ഒപ്പം നടന്ന്
തികച്ചും സ്വകാര്യമായ ചിലതൊക്കെ പങ്കിട്ടെന്നതും..

പ്രണയത്തിന്റെ അധിനിവേശകാലത്ത്-
മാറത്തടുക്കിവച്ച
മധുരനാരങ്ങകളും മുന്തിരിയുമായി
നിശാനിയമം മുറിച്ച്
അയാൾ പതിവായ് വന്നിരുന്നെന്നതുമൊക്കെ
ശരി തന്നെ.

എന്നെപ്പോലെ പാടുകയും
പ്രണയിക്കുകയും
ക്ഷോഭിക്കുകയുമൊക്കെ
ചെയ്യുന്ന
അവന്റെ ശരീരഭാഷ കണ്ട്
അവൾപോലും പറഞ്ഞിട്ടുണ്ട്,
'അവൻ ഞാൻ തന്നെയെന്ന്'.

ഒക്കെ ശരിതന്നെ,ഞാനൊന്നും നിഷേധിക്കുന്നുമില്ല.

എന്നാലിപ്പോൾ-
അയാളുടെ തിരോധാനത്തെപ്പറ്റി
നിങ്ങളെത്ര കുത്തിക്കുത്തിച്ചോദിച്ചാലും
എനിക്കൊന്നും പറയാനില്ല.

എന്നെ
എത്ര തുരന്നു തുരന്നു നോക്കിയാലും
അയാളുടെ ശേഷിപ്പുകൾ കണ്ടെത്താനും കഴിയില്ല.


(കൃതി പബ്ലിക്കേഷൻസിന്റെ 'കാ വാ രേഖ?' എന്ന കവിതാസമാഹാരത്തിൽ ഇടം നേടി.)

2 comments:

Manoraj said...

കാ വാ രേഖ?യില്‍ വായിച്ചിരുന്നു ഈ കവിത. വളരെ മികച്ച ഒരു കവിതയാണ്. അഭിനന്ദനങ്ങള്‍

ഭാനു കളരിക്കല്‍ said...

മനോഹരമായ കവിത. കവിക്ക്‌ കവിയെ നഷ്ടമാകുന്നു അല്ലേ?