Monday, May 9, 2011

നീലകണ്ഠം

( വടക്കൻ കേരളത്തിലെ 'വിഷം തീനി'കൾക്ക് ഹൃദയപൂർവം.)


കുറച്ചു ദിവസങ്ങളായി
കൂട്ടുകാർ ചോദിക്കുന്നതാണ്
'നിനക്കതിനെക്കുറിച്ചെന്തെങ്കിലുമെഴുതിക്കൂടേ'യെന്ന്.

പതിവുപോലെ
ഞാനവരോട് കടലുകളുടെ വൈഭവത്തെക്കുറിച്ചും
ശർമിഷ്ടയെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു.

'അതിനെ'ക്കുറിച്ചു പറയാൻ തുടങ്ങുമ്പോൾ
ആരെങ്കിലും പിൻവിളിക്കും
അതുമാത്രം നടന്നില്ല.

ഇന്നു വീണ്ടുമവരോർമ്മിപ്പിച്ചപ്പോൾ
ഞാൻ പറഞ്ഞു

"ഇഴഞ്ഞിഴഞ്ഞെത്തി സൂക്ഷ്മതയോടെ പതിയ്ക്കുന്ന
സ്നേഹഫണങ്ങളെ-
ക്കുറിച്ചെഴുതുക വയ്യ.

ശ്വാസകോശങ്ങളിൽ വീണ്
വീണ്ടെടുക്കാനാകാതെ പോയ
വാക്കുകളെക്കുറിച്ചെഴുതുക വയ്യ.

ഞാൻ ജന്മം കൊണ്ടു ഭീരുവായവൻ.
പേടിയുടെ പവിഴദ്വീപിലെ
വിശ്രുത കവി

മഴ സ്നേഹം പ്രതീക്ഷ
ഇതാണെന്റെ മിക്സ് ".

പുലയാട്ടിക്കൊണ്ട് കൂട്ടുകാർ മറഞ്ഞപ്പോൾ
മുറിയിൽ നിറയുന്നുണ്ട്
കവിതയുടെ ദർപ്പണം.

അതിൽ നിറയുന്നുണ്ട്-
മായ്ക്കുന്തോറും ചന്തമേറുന്ന
നീലകണ്ഠവുമായൊരാൾ.

എന്നെത്തന്നെ നോക്കിനോക്കി.

5 comments:

Anurag said...

കൊള്ളാം നല്ല വരികള്‍

ഒരില വെറുതെ said...

ഇഴഞ്ഞിഴഞ്ഞെത്തുന്ന സ്നേഹം എഴുതാനുള്ളതല്ല.
സങ്കല്‍പ്പത്തില്‍ ഭയചകിതനാവാന്‍.
എത്ര മനോഹരമായി കവിതയിലാക്കുന്നു
താങ്കള്‍ ജീവിതത്തെ. സന്തോഷകരം ഈ വായനാനുഭവം

SASIKUMAR said...

അകവിതകൾ കവിതകളാകുന്നത്‌ അനുവാചകരുടെ പിൻകുറിപ്പുകൾ പതിക്കപ്പെടുമ്പോഴാണെന്നു തോന്നി. നന്ദി,ഹൃദയപൂർവം.

ഭാനു കളരിക്കല്‍ said...

ഞാൻ ജന്മം കൊണ്ടു ഭീരുവായവൻ.
പേടിയുടെ പവിഴദ്വീപിലെ
വിശ്രുത കവി


സ്വയം നിന്ദിക്കുന്ന കവിയുടെ മനസ്സുകാണുന്നു ഞാന്‍. കവിതയുടെ മനിഫെസ്ടോ അതിലൂടെ തെളിയുന്നും ഉണ്ട്.

മാധവൻ said...

ശശികുമാറിന്റെ കവിതകള്‍,കവിതക്ക് നല്‍കുന്ന കൂര്‍ത്ത ഒടിവുകള്‍,
വായനയുടെ പതിവ് നയനവ്യായാമമേഖലയില്‍ നിന്നുള്ള വിരസതക്ക് അവസരം തരാത്തവയാണു.നല്ല കവിത.