Monday, May 16, 2011

നരി

ശിക്ഷയുടെ വിരസമായ പുസ്തകം
ഒരാവർത്തി
വായിച്ചു കേൾപ്പിച്ച്

ദൈവത്തിന്റെ അതേ ഛായയുള്ള
ന്യായാധിപൻ ചോദിച്ചു.

എന്തെങ്കിലും ?
ഇതു വരെ വായിച്ചറിയാത്ത ഒരു പുസ്തകം
ഒരു സിനിമ
ഇന്നേവരെ നനയാത്ത ഒരു പ്രാർത്ഥന
ഒരു രുചി
എന്തെങ്കിലും ?

എത്രയും ശമിച്ച്
ഗർജ്ജനങ്ങളുടെ അവസാന കാടും വെടിഞ്ഞ്
നരി പറഞ്ഞു.

മൈലോർഡ് !
വേട്ടക്കാരനുമായുള്ള മാരത്തണിന്റെ
അവസാന ലാപ്പിൽ
തോറ്റുപോയൊരു മാലാഖയുണ്ട്.

അതിന്റെ നേർത്തഭുജങ്ങൾക്കിടയിൽ
ഇനിയുമോടിത്തീരാത്തൊരു
കുഞ്ഞുപേശി കാണും.

അതു നിഷ്കർഷയൊടെ വേർപെടുത്തി
അത്താഴത്തിനു വിളമ്പണം.

കരുണയുടെ സ്വർഗവാതിൽ തുറക്കുന്ന
രഹസ്യവാക്കൊന്നു രുചിച്ചറിയാനാണ് .

8 comments:

ഒരില വെറുതെ said...

അവസാന നിമിഷങ്ങളില്‍ വേട്ടക്കാരനും
ഇരക്കു മാത്രം എത്താനാവുന്ന
ദാര്‍ശനികതയുടെ അറ്റത്തെത്തുന്നു...

പതിവുപോലെ മനോഹര ശില്‍പ്പം.
ചെത്തിക്കൂര്‍പ്പിച്ച വികാരങ്ങളുടെ വടിവ്.

SASIKUMAR said...

എഴുതുന്നയാൾ ചില മഞ്ഞുകാഴ്ചകളാണു പകരുന്നത്‌.വായിക്കുന്നയാൾ മഞ്ഞൊപ്പിയൊപ്പി കാഴ്ചയുടെ വടിവുകളെക്കുറിച്ചു പറയുമ്പോൽ അത്ഭുതവും ആഹ്ലാദവും.നന്ദി, ആസ്വാദനത്തിന്റെ ഉത്തുംഗതയ്ക്ക്‌.

sreekumar m s said...

good poems..........

Rare Rose said...

ഇഷ്ടപ്പെട്ടു കവിത..

മാധവൻ said...

എത്രയും ശമിച്ച്,ഗര്‍ജ്ജനങ്ങളുടെ അവസാനത്തെ കാടും വെടിഞ്ഞ് നരിപറഞ്ഞത് നഖമുനയുള്ള വാക്കുകള്‍....
കവിതയുടെ ഭാഷ വിശേഷം....
കവിത തീഷ്ണവും..

SASIKUMAR said...

ശ്രീകുമാർ,rare rose, വഴിമരങ്ങൾ വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി.ഒപ്പം സൗഹൃദത്തിന്റെ തണൽ വഴിക്കും.

രഘുനാഥന്‍ said...

ആദ്യമായാണ് ഇവിടെ
നന്നായിട്ടുണ്ട്...
ആശംസകള്‍

Unknown said...

മാഷെ! 5 വർഷങ്ങൾക്കുള്ളിൽ ഇതുവരെ വായിക്കാൻ കഴിയാഞ്ഞ നിരാശയോടെ നിങ്ങളുടെ ബ്ലോഗിലേക്കു ഒരു തീർത്ഥ യാത്രനടത്തി എത്തിയിരിക്കുന്നു. ദാർശനികതയുടെ പൊൻ തൂവലുഅളാൽ അലങ്കരിച്ചു
നിർത്തിയിരിക്കുന്ന ഒരു മഹാമേരു.. ഇഷ്ടമായിരിക്കുന്നു. ഇനിയും നിരന്തരമായീ ഇവിടേക്കു വീണ്ടും വരണമെന്നു ആഗ്രഹിക്കുന്നു. നന്ദി.. ഈ കഴിവുകൾ യാന്ത്രികതയുടെ മുന്നിൽ ഹോമിച്ചു കളയരുതേ.....