Sunday, May 22, 2011

വീട്ടമ്മ

(മയങ്ങാറുണ്ടാവില്ലവളോളം വൈകിയൊരു നക്ഷത്രവും
ഒരൊറ്റ സൂര്യനുമവളേക്കാൾ നേർത്തേ പിടഞ്ഞെണീറ്റീലാ.

-ആറ്റൂർ)



വർഷങ്ങൾക്കു മുമ്പ്
ലളിതപദവിന്യാസയായവൾ വന്നുകയറിയപ്പോൾ
വീട്ടിലെല്ലാവർക്കും സന്ദേഹമായിരുന്നു,
എനിയ്ക്കൊഴിച്ച്.

അവളെ,യോരോ കാൽവെയ്പ്പിലും
വഴുകി വീഴ്ത്താൻ ശ്രമിച്ചിരുന്നു,
ചുറ്റുവരാന്ത.

അവളുടെ മണമുൾക്കൊള്ളാൻ മടിച്ച്
കരിമ്പനയുടെ ധാർഷ്ട്യം പോലെ നിന്നു,
കുളിപ്പുര.

അവളുടെ പാടവങ്ങളെ പരീക്ഷിക്കാനൊരുങ്ങാതെ
കരിച്ചും തൂവിയും കളഞ്ഞു
പൊട്ടിച്ചിരുത, ഞങ്ങളുടെ അടുക്കള.

ഭൂതാവിഷ്ടരെപ്പോലെ ചറപറ പറഞ്ഞ്
തൊടി.

അവളുടെ നീർപ്പാളയിൽ നിറഞ്ഞുതുളുമ്പാതെ-
യൊഴിഞ്ഞൊഴിഞ്ഞ്
കിണർവട്ടം.

അശാന്തമായ ഈ വിലോപങ്ങളുടെ
പരിണതിയെന്താകുമെന്നു ഭയന്ന്
ഞാനവൾക്ക്
മഴയുടെ മൂലമന്ത്രമുപദേശിച്ചു.

അന്നുതുടങ്ങിയതാണ്
വീടകങ്ങളിൽ നിന്ന് തൊടിയോളവും
തിരിച്ചും
അഞ്ചടിപ്പൊക്കം പോന്നൊരു മഴയുടെ പെരുമാറ്റം.

നട്ടിട്ടും നനച്ചിട്ടും മതിവരാതെ
ജലത്തിന്റെ തിരസ്കരിണി വകഞ്ഞ്
എപ്പോൾ വേണമെങ്കിലും വിടരാവുന്നൊ-
രഭിജാതകുശലം.

4 comments:

Anurag said...

കൊള്ളാം നല്ല വരികള്‍

ശ്രീനാഥന്‍ said...

വ്യത്യസ്തമായ വരികളുടെ ചാരുത.

SASIKUMAR said...

അനുരാഗ്‌, ശ്രീനാഥൻ നന്ദി !!

ഒരില വെറുതെ said...

ഏതു സൂക്ഷ്മഗ്രാഹി കൊണ്ടാണ് ഒപ്പിയെടുക്കുന്നത്
ജീവിതത്തിന്റെ ഈ കലങ്ങിമറിയല്‍.
അതിലുമേറെ സൂക്ഷ്മമായ ഏത് തന്ത്രിയാണ്
ഈ വരികളെ കവിതയാക്കിമാറ്റുന്നത്.
ഓരോ കവിതയും അതിശയിപ്പിക്കുന്നു.
മഴ കൊണ്ടു മേഞ്ഞ ആ സ്വകാര്യത്തിലേക്ക്
വെറുതെ ചെവി കൊടുക്കുമ്പോള്‍ കേള്‍ക്കുന്നതത്രയും
സ്നേഹത്തിന്റെ പല പല്ലവികള്‍.