Thursday, June 16, 2011

ലത

ഉണ്ട്, ചില വള്ളികൾ
നെഞ്ചകത്തേക്കിറ്റ് ചാഞ്ഞു പടർന്ന്
'കിനാവിന്റെ രസനിലയുയർന്നോ
പനികുറഞ്ഞോ’യെന്ന്'
കുശലം നിവർത്തിടും നീൾവിരൽത്തുമ്പുകൾ.

ഉണ്ട്, ചില വള്ളികൾ
ഹരിതസരീസൃപം പോലെ-
യിഴഞ്ഞ്
അഴൽപരത്തി ചിലപ്പോൾ
നിദ്രതൻ മേൽമൂടി തെല്ലുമാറ്റി
നമ്മെയാകെ ഭ്രമിപ്പിക്കു-
മാടിമഴപ്പൂക്കൾ.

ഇനിയുണ്ട്, മറ്റുചിലർ
പച്ചവേനൽ പോലെ
നമ്മെദ്ദഹിപ്പിച്ച്
എത്രപുണർന്നിട്ടുമെത്രയോ
കണ്ടിട്ടുമൊഴിയാതെ തുള്ളുന്ന ബാധകൾ.

എത്രപുനർജ്ജനി നൂഴ്ന്നിട്ടുമു-
ള്ളിനെ ചുറ്റിവരിഞ്ഞുകിടക്കുന്ന നൂലുകൾ.

ഏതുഹൃദന്തത്തിൽ നിന്നാണിവയുടെ
വരവെന്നു-
മേതു ഗദ്ഗദത്തികവാണിവയുടെ
യിത്തിരിപ്പൂങ്കുലയെന്നും

നാമത്ഭുതം കൊണ്ടുതുളുമ്പുന്നനേരവും

വേലിത്തലപ്പിനെ-
യരമതിൽക്കോണിനെ-
യാനന്ദനിർഝരി കൊണ്ടുപൊതിഞ്ഞിവർ.

9 comments:

Unknown said...

താളമുള്ള വായന!
വിതയുള്ള വരികളും....

Junaiths said...

ഇനം തിരിയുന്ന
സൌഹൃദ വള്ളികള്‍...

മാധവൻ said...

'കിനാവിന്റെ രസനിലയുയർന്നോ
പനികുറഞ്ഞോ’യെന്ന്'
കുശലം നിവർത്തിടും നീൾവിരൽത്തുമ്പുകൾ...

ഉണ്ട്, ചില വള്ളികൾ
ഹരിതസരീസൃപം പോലെ-
യിഴഞ്ഞ്...
സ്കൂളിലെ മലയാളം ക്ലാസുകളില്‍ കേട്ടുമറന്ന പഴയ ക്ലാസിക് കവിതകളെ ഓര്‍മ്മിപ്പിക്കുന്നു ശശികുമാറിന്റെ മനോഹരമായ കവിതയുടെ ഭാഷയും , ഈണവും.കവിതക്കും,കവിക്കും നന്മകളുണ്ടാകട്ടെ..

ഒരില വെറുതെ said...

ഉള്ളിനുള്ളിലേക്കു വേരാഴ്ത്തുന്ന
ചിന്തയുടെ പല പടര്‍പ്പുകളുണ്ട്
താങ്കളുടെ ഓരോ കവിതയിലും .
ഇതിലുമതെ. ജീവിതത്തില്‍ പടര്‍ന്നും
പടരാതെയും പലരും നിറസാന്നിധ്യമായ
അനേകം കാലങ്ങള്‍ വായിപ്പിക്കുന്നു
ഓരോ വള്ളിപ്പടര്‍പ്പും...

അനില്‍ ജിയെ said...

ഉണ്ട്
ചില വാക്കുകള്‍
ചില നോക്കുകള്‍

അപാരതയില്‍ നിന്നും
ഒരു സുന്ദരകല്‍പ്പനപോല്‍
പൊഴിഞ്ഞും
ഓര്‍മ്മകളില്‍
ആനന്ദഭൈരവി പാടിയും

കുഞ്ഞൂസ് (Kunjuss) said...

നല്ല ആഴമുള്ള വരികള്‍ .... ഹൃദയത്തില്‍ പടര്‍ന്നു കയറുന്നു ഈ സൌഹൃദ വള്ളികള്‍ ...!

(pls remove the word verification)

ശ്രീനാഥന്‍ said...

അപ്പോൾ ഉണ്ട് ചില കവിതകൾ, മനസ്സിൽ പടർന്നേറുന്ന കുഞ്ഞു സുമലതകൾ!

SASIKUMAR said...

വള്ളിപ്പടർപ്പിനിടയിൽ വന്ന് സൗഹൃദം പകുത്തതിന്‌ നന്ദി, പ്രിയ ചെമ്മാടൻ,മൊയ്തിൻ അങ്ങാടിമുകർ,ജുനൈത്‌,വഴിമരങ്ങൾ,ഒരില,അനിൽ,കുഞ്ഞൂസ്‌,ശ്രീനാഥൻ.

ഭാനു കളരിക്കല്‍ said...

മനസ്സ് നിറഞ്ഞു.