Saturday, August 6, 2011

വീഞ്ഞ്

തീരെ മറന്നുകളഞ്ഞ
ഒന്നുരണ്ടു സൗഹൃദങ്ങൾ

വിരസമായ് പോയെങ്കിലും
മധുരം വിടാത്തൊരു പ്രണയം

രസമുന്തിരികളുടെ ബാക്കിവന്ന ശരീരം

വീടുപൂട്ടിയിറങ്ങുമ്പോൾ
ഇത്രയുമാണകത്തുണ്ടായിരുന്നത്.

വ്യാഴവട്ടത്തെ പ്രവാസം കഴിഞ്ഞ്
ഇന്നു വീണ്ടും മുറിതുറന്നുകയറുമ്പോൾ

കഴുത്തോളം ലഹരിപതയുന്നൊരു
വനവഹ്നി-
യെതിരേൽക്കുകയാണെന്നെ.

അനേകം വേനലുകളിലും
മഴയിലും
വസന്തത്തിലുമഭിരമിച്ച്

അടക്കംവന്ന
വീഞ്ഞിന്റെ മണം
പൊതിഞ്ഞുപിടിക്കയാണെന്നെ.

2 comments:

ഒരില വെറുതെ said...

എത്ര മരണങ്ങളാണ് ഒരു വീഞ്ഞില്‍.
എത്ര ഓര്‍മ്മകള്‍.

പല മുന്തിരികളുടെ പ്രണയ കാലം.
മരണത്തിലും ഒന്നായി മണ്ണടരുകളില്‍
ഏറെ കാലത്തെ നിദ്ര.
എല്ലാ പ്രണയങ്ങളും എല്ലാ മരണങ്ങളും
ചേര്‍ന്ന് ഒടുക്കമൊരു തുള്ളി വസന്തം.

ചന്ദ്രകാന്തം said...

വീര്യമുള്ള തുള്ളി!