കവിതയെഴുത്തിനിരിക്കുമ്പോൾ
അലോസരപ്പെടുത്തി ചിലർ വരും.
മറന്നുപോയ ചില വാക്കുകൾ
വ്യാകരണപ്പച്ച മാഞ്ഞ ചില മുഴക്കങ്ങൾ
എണ്ണയോടാതെ കിടന്ന്
കിരുകിരുത്തുപോയ ചില പ്രശസ്ത സന്ധികൾ
എന്നിങ്ങനെ നിരവധി.
കവിതയിൽ ഒരവസരം തേടിവരുന്നതാണ്.
ആൾക്കൂട്ടത്തിന്റെ ചൂടിലേക്ക് ഒരിക്കൽക്കൂടി
ഒരലിയൽ.
തീരെ വെളിച്ചമില്ലാത്ത ആദിയിലോ
ധൃതിപ്പെട്ടിറങ്ങുന്ന അന്ത്യവാക്യങ്ങളിലോ
എവിടെയായാലും വേണ്ടില്ല.
അപ്രധാനമായ ഒരു പറ്റിക്കൂടൽ.
അത്രമാത്രം.
'നോക്കട്ടെ'യെന്നു മൂളി
സഹജാവബോധത്തിന്റെ വെട്ടത്തിലേക്ക്
ഞാനൊന്നു പൂത്തിറങ്ങാൻ
തുടങ്ങുമ്പോഴേക്കും
അയാൾ കടന്നു വരവായി.
'കവിത വേണ'മെന്നു പറഞ്ഞ്
വിശ്രുതപത്രാധിപരുടെ വിശ്വസ്ത സുഹൃത്ത്.
അയാളുടെ തോൾസഞ്ചിയിൽക്കാണും
വാക്കുകളുടെ സഞ്ചയം
വരികളുടെ കടൽ
വികാരങ്ങളുടെ വേനൽ.
ഒക്കെ
വടിവഴകുകളൊപ്പിച്ച്
പശകൊണ്ടുചേർത്ത്
അയക്കോലിലിട്ടാൽ മതി.
പുറത്ത്
വിളികാത്തുനിന്ന ചിലരോട്
ആവഴിപോയൊരു മഴയാണതു പറഞ്ഞത്.
'കവി വീടുമാറികേട്ടോ,ഇപ്പോളൊരു തുന്നൽക്കാരൻ'.
7 comments:
ഒത്തിരി പുരസ്ക്കാരങ്ങളൊക്കെ ലഭിച്ചാൽ പിന്നെ ഓർഡറനുസരിച്ച് തുന്നിക്കൊടുക്കും (ഓണത്തി നൊക്കെ തിരക്കേറും!) തുടക്കക്കാർക്ക് വേണമെങ്കിൽ താളമേളങ്ങളും അലങ്കാരങ്ങളും എല്ലാം വേണ്ടെന്നു വെച്ച് സഹജാവബോധം അവലംബിക്കാം. (അവരല്ലേ കവിതപ്പച്ച) സമ്മതിച്ചിരിക്കുന്നു ഈ വരികൾ!
ഈ അക്ഷരത്തുന്നലുകൾ ഇഷ്ടമായി.
ഒരു നല്ല തുന്നല്ക്കാരനെങ്കിലും ആവാന്‍ നോക്കാം. അല്ലേ. നല്ല വ്യത്യസ്തമായ ആലോചന.
ശ്രീനാഥണ്റ്റെ താരതമ്യവും നന്നായി. തുടാരുക.
അയാളുടെ തോൾസഞ്ചിയിൽക്കാണും
വാക്കുകളുടെ സഞ്ചയം
വരികളുടെ കടൽ
വികാരങ്ങളുടെ വേനൽ.
കൊള്ളം!!!!!!!!
ആദ്യ പകുതിയുടെ മുറുക്കം കെടുത്തി ആ പത്രാധിപര്‍.
എഴുത്തിന്റെ പ്രതിസന്ധികളിലേക്ക് വളരുമെന്നു തോന്നിച്ച
വരികളെ തികച്ചും സാധാരണമായ ഒന്നിലേക്ക് വഴി തിരിച്ചതു
പോലെ തോന്നി. എന്നാല്‍, അവസാന വരിയില്‍ മഴ പറഞ്ഞ
വാക്കുകള്‍ മറ്റൊരു സാധ്യത പണിയുന്നു.
എന്നിട്ടും ഇപ്പോഴും തോന്നുന്നു, ആദ്യ പകുതിയിലെ അനുഭവങ്ങളില്‍
തന്നെ പറയാന്‍ ഇനിയുമേറെയുണ്ടെന്ന്. കവിക്കും തുന്നല്ക്കാരനുമിടയിലെ
അതിസാധാരണത്വത്തെ വകഞ്ഞു ഏറെ മുന്നോട്ടു പോവാനാവുന്ന ഒരംശം. ഭാവിയിലേക്ക് ഒഴുകാന്‍ കെല്‍പ്പുള്ളൊരു നദി.
പ്രിയപ്പെട്ട ശശികുമാര്‍,
വാക്കുകള്‍ തുന്നിയെടുത്തു വാചകങ്ങള്‍ രൂപപ്പെടുത്തിയപ്പോള്‍,ഈ കവിത മനോഹരമായി!
വളരെ നല്ല ആശയം!
സസ്നേഹം,
അനു
ശ്രീനാഥൻ,ചന്ദ്രകാന്തം,വിനോദ്കുമാർ,പൊട്ടൻ,അനുപമ,ഒരില നന്ദി. ബ്ലോഗ് വനാന്തരത്തിലെ സാന്നിദ്ധ്യത്തിന്.
ഒരിലേ,ശരിയാണ്. ഇടയ്ക്കു കൊടുത്ത twist മനപ്പൂർവം തന്നെ. കരുതലിന്റെ പിൻപുറങ്ങളിൽ കഴിയുന്നവർക്കു വേണ്ടി.
ശ്രീനാഥൻ, ശരിയല്ലേ ? പ്രശസ്തരുടെ കവിതകളിൽ ആത്മാംശം കുറയുന്നില്ലേ പലപ്പോഴും.അനുവാചകന്റെ നിലവാരത്തിലേക്ക് എത്തിപ്പെടാത്ത എത്രയോ സൃഷ്ടികൾ ബാധ പോലെ നമുക്കിടയിലുണ്ട്.
Post a Comment