Tuesday, October 18, 2011

ഇടപ്പള്ളി

ഇടപ്പള്ളി-

ആലുവായ്ക്കും കൊച്ചിയ്ക്കുമിടയിലുള്ള
ഒരു സ്ഥലനാമമാണെന്നു പറഞ്ഞാൽ
തെറ്റി.

സാധാരണയിൽക്കവിഞ്ഞ്
നിറം മുക്കിയെടുത്തൊരു
നീലകണ്ഠമായിരുന്നത്.

പ്രണയവഴികളെക്കുറിച്ച്
പഠനക്കുറിപ്പു തയ്യാറാക്കിക്കൊണ്ടിരുന്ന
രാത്രിയിൽ

ഒരു മണിയൊച്ചയുടെ പിൻപറ്റി
പരകായപ്രവേശത്തിനു
പോയതാണ്.

ഒമ്പതടിയുയരത്തിൽ,
ഓവർക്കോട്ടിൽപ്പൊതിഞ്ഞ
ശരീരം തൂക്കി

'മടങ്ങിവരും, പ്രത്യേകം സൂക്ഷിയ്ക്കണേ' യെന്ന്
കുറിപ്പുമെഴുതി ലക്കോട്ടിലിട്ട്
ഇരുട്ടിലേക്കിറങ്ങിയതാണ്.

കുറിപ്പും കവിതയും തമ്മിൽ
തിരിച്ചറിയാതിരുന്ന ചിലരുടെ
കൈയബദ്ധത്തിൽപ്പെട്ട്

അശരീരിയായിപ്പോയി.

2 comments:

Kalavallabhan said...

അശരീരി

ശ്രീനാഥന്‍ said...

പ്രണയ ഗവേഷണമൊക്കെ കൊള്ളാം. ചിരികൾ തോറും പട്ടടതീപ്പൊരി ചിതറിടുന്നോരരങ്ങിലെ മഹാനടനിലേക്ക് പരകായപ്രവേശം നടത്തിയാൽ പൊള്ളിപ്പോകും. നല്ല കവിത.