Monday, December 16, 2013

കാണാപ്പൊന്ന്





(പ്രവാസിയ്ക്ക് ഹൃദയപൂർവ്വം)

യാത്രതീരും മുമ്പ്
എഴുതിക്കൊടുക്കേണ്ടിയിരിക്കുന്നു,
അക്കമിട്ടുവച്ച ചോദ്യാവലിക്കുത്തരങ്ങൾ.

നികുതിയ്ക്കു വിധേയമാക്കേണ്ട
പൊന്നെത്ര?
വെള്ളി
മറ്റ് അനുസാരികൾ
എന്നിങ്ങനെ.

കൃത്യമാകണം.
സത്യമെന്നു സാക്ഷ്യപ്പെടുത്തണം.

ഞാനോർത്തു.

പെട്ടിയിൽക്കാണും
പരിതാപകാലത്തിൻ
പതാകമരങ്ങൾ പോൽ

വിലചോർന്ന ഗന്ധങ്ങൾ
നാവിലൂടലിയാൻ മടിക്കും മധുരങ്ങൾ
പൊട്ടിത്തരിയ്ക്കാത്ത വർണങ്ങൾ.

എന്നിട്ടുമെഴുതിക്കൊടുത്തിങ്ങനെ.

“സർ, കേൾക്കണം
പതിറ്റാണ്ടു ചെന്ന സുവർണമോഹമൊന്നുണ്ട്
പെട്ടിയിൽ.

പത്തുനൂറ്റമ്പതു റാത്തൽ തൂക്കം വരും.

നിറമൊട്ടു മാഞ്ഞുപോയെങ്കിലും
താങ്കൾക്കു
മാറ്റുറപ്പിച്ചു കാര്യം ഗ്രഹിച്ചിടാം.

ഉള്ളിലിണക്കിയുറപ്പിച്ചതെങ്ങനെ
കൊട്ടിയടർത്തുമെന്നുള്ളതൊന്നേ പ്രശ്നം!“

4 comments:

ajith said...

കാണാപ്പൊന്നുംകൊണ്ട് നാടണയുന്നവര്‍
പ്രവാസികള്‍

ബൈജു മണിയങ്കാല said...

മനുഷ്യന് വില ഇടാത്തവർ സ്വപ്നങ്ങൾക്ക് വില കൊടുക്കാത്തവർ വിയർപ്പിന് സ്വർണത്തിന്റെ വിലയിടുന്നവർ.. കൂണ് പോലെ മുളച്ചു പൊന്തുന്ന ജ്വേല്ലേരി കടകളിൽ സ്വര്ണം എങ്ങിനെ വരുന്നു എന്ന് കാണാത്തവർ നല്ല സുവര്ണ വരികൾ

സൗഗന്ധികം said...

അവർക്കതായാലും മതി!!

നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


ശുഭാശം സകൾ....


ഭാനു കളരിക്കല്‍ said...

പ്രവാസി = മങ്ങിപോയ മോഹങ്ങൾ

അല്ലേ ?