Saturday, April 16, 2011

മൈക്കലാഞ്ജലോ

മൈക്കലാഞ്ജലോയ്ക്ക് പ്രിയപ്പെട്ട മീഡിയം
മരമോ
കല്ലോ
മാർബിളോ അല്ല.
ഇരുട്ടാണ്.

അകാലങ്ങളിൽ നിന്ന്
ഇറക്കുമതി ചെയ്ത
കാതലൂറ്റമുള്ളത്.

അതാകുമ്പോൾ
ഓരോ ഉളിച്ചീന്തലിലും,
വിനീതനായ അടിമയെപ്പോലെ
സമരസപ്പെട്ടു നിന്നുകൊടുക്കും.

തന്നെയുമല്ല, തനിക്കിഷ്ടപ്പെട്ട
ആനയുടെ ശിൽപ്പങ്ങൾ വിരചിക്കാൻ
അതാണു കൂടുതൽ സൗകര്യവും

ഇരുളിന്റെ വലിയൊരു മല തുരന്ന്
ആനയല്ലാത്തതിനെയൊക്കെ
തിരഞ്ഞുപിടിച്ച്
പറഞ്ഞയക്കുകയാണ്
അയാളുടെ വിശ്രുതമായ ശൈലി.

ഒടുക്കം
പണിക്കുറവുതീർന്ന ഗജഭംഗികൾ
അന്ധഗ്രാമങ്ങൾ കടക്കുമ്പോഴാണ്
അത്ഭുതം സംഭവിക്കുന്നത്.

അതുവരെ-
തുമ്പിയോ
കാലുകളോ
ചെവിയോ
വാലോ മാത്രം
തൊട്ടറിഞ്ഞിരുന്ന കുരുടർ
ആനയുടെ വിശ്വരൂപം കണ്ട്
വിസ്മയിച്ചുനിൽക്കും.

അവരുടെ ഉള്ളലിവുകളിലൂടെ
ചരിത്രവും പ്രാർത്ഥനയും
ഒഴുകാൻ തുടങ്ങും.

മൈക്കലാഞ്ജലോ ! താങ്കൾ പുരുഷാർത്ഥങ്ങളുടെ
ശിൽപിയാണ്.

2 comments:

ഒരില വെറുതെ said...

ഇരുട്ടിനെ കടഞ്ഞെടുത്ത് മൈക്കലാഞ്ജലോയുടെ ആന.
വാക്കിന്റെ കൊഴുപ്പ് കടഞ്ഞ് ശില്‍പഭംഗിയാര്‍ന്ന്
ഈ കവിത. ഓരോ വെട്ടിത്തിരുത്തലിനും
നിലവിളിക്കുന്ന വാക്കുകളുടെ നിലവിളി
എനിക്കും കേള്‍ക്കാം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആനയോളം പോന്ന ഇരുട്ടിനെ അന്ധർ തിരിച്ചറിയുന്നതു കാണാൻ കഴിയുന്നു..കവിത അതു കാണിച്ചു തരുന്നു.