Sunday, April 24, 2011

നിത്യകന്യകയും ഗന്ധർവനും

(തുഞ്ചൻപറമ്പിൽ ഈയിടെ ഭാഷാ സ്നേഹികളായ ഒട്ടേറെപ്പേരൊത്തുകൂടി 'മലയാളത്തെ മരിക്കാൻ വിടില്ലെന്നു' പറയുമ്പോൾ, ഇങ്ങു ഷാർജയിലിരുന്ന് ആ അക്ഷരക്കൂട്ടായ്മ ഞാൻ നനയാതെ നനഞ്ഞു.
അതിനിടെ കയറിവന്നവരാണ്, ഈ നിത്യകന്യകയും ഗന്ധർവനും.)



മാതൃവംശാവലി-
യെഴുതിത്തുടങ്ങുകയായിരുന്നു,
ഞാനപ്പോൾ.

'അമ്മ മരിച്ചുപോയവനാണു ഞാൻ
അതിനുമുമ്പേ പോയി
അക്ഷരമൂട്ടിയ മുത്തശ്ശി...'

എന്നിങ്ങനെ-
യൊഴുകിപ്പടരാൻ തുടങ്ങുമ്പോൾ
പൂമുഖത്തൊരാളനക്കം.

പകലിനെ മുറിച്ചെടുത്തപോലെ
ചിരിച്ചുകൊണ്ടേ
രണ്ടുപേർ.

ഒരാളെയെനിക്കറിയാം.

അച്ഛനെഴുത്തച്ഛന്റെയും
അപ്പനയ്യപ്പന്റെയും
താവഴിയിൽപ്പെട്ടതാണ്.

പേരോർമ്മ വരുന്നില്ല,
കളിയച്ഛനായിരുന്നു പോലും.

കൂടെയുണ്ടൊരുവൾ.
ക്ഷീണിതയെങ്കിലും
സ്വയംപ്രഭ.
അടിമുടിതൊഴാൻ തോന്നും.

അപരിചിതത്ത്വം കണ്ട്
അയാളൊടുക്കം പറഞ്ഞു.

“നീയറിയും !
നിന്റമ്മയുടെ മൂത്തവൾ
പണ്ടേതന്നെ പരിത്യക്ത.

‘മലയാള’മെന്നുവിളിച്ചിരുന്നു, ചില മാതുലർ”.

4 comments:

ജിത്തു said...

മലയാളത്തെ പറ്റി എഴുതിയത് നന്നായിട്ടുണ്ട്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ മനോഹരമായ വരികള്‍ , ഉചിതമായ ഉപമകള്‍ . അഭിനന്ദനങള്‍ .

മാധവൻ said...

“നീയറിയും !
നിന്റമ്മയുടെ മൂത്തവൾ
പണ്ടേതന്നെ പരിത്യക്ത.
ഓര്‍ത്തെടുക്കേണ്ടി വന്നെങ്കിലും ഞാനുമറിയും,സ്വയം പ്രഭയെ...അമ്മക്ക് മൂത്തവളെ.സ്മാര്‍ത്തവിചാരം ചെയ്ത്
പടിയടച്ച് പിണ്‍ഠം വെച്ചവര്‍ അയിത്തം മറക്കുന്ന കാലം വരുമായിരിക്കും.
നന്മയുള്ള,നല്ല കവിത.

ചന്ദ്രകാന്തം said...

സ്വയംപ്രഭ!!!